കേരളം

kerala

ETV Bharat / sports

'പൊന്നുമോനേ, പെരുത്ത് നന്ദി' ; ഗില്ലിനോട് കെവിന്‍ പീറ്റേഴ്‌സണ്‍ - ശുഭ്‌മാന്‍ ഗില്‍

വിശാഖപട്ടണം ടെസ്റ്റില്‍ സെഞ്ചുറിയടിച്ച ഇന്ത്യയുടെ ശുഭ്‌മാന്‍ ഗില്ലിനോട് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ നന്ദി പറഞ്ഞതിന് കാരണമറിയാം

Kevin Pietersen  Shubman Gill  India vs England Test  ശുഭ്‌മാന്‍ ഗില്‍  ഇന്ത്യ vs ഇംഗ്ലണ്ട്
Former Player Kevin Pietersen Thank Shubman Gill For hitting A Century

By ETV Bharat Kerala Team

Published : Feb 4, 2024, 4:40 PM IST

വിശാഖപട്ടണം : റെഡ്‌ ബോള്‍ ക്രിക്കറ്റിലേക്ക് തന്‍റെ ഫോം പകര്‍ത്താന്‍ കഴിയാത്തതിനാല്‍ കടുത്ത വിമര്‍ശനമായിരുന്നു ഇന്ത്യയുടെ യുവതാരം ശുഭ്‌മാന്‍ ഗില്ലിന് നേരിടേണ്ടി വന്നിരുന്നത്. ടെസ്റ്റില്‍ നിരന്തരം പരാജയപ്പെടുന്ന താരത്തെ പുറത്തിരുത്തണമെന്ന മുറവിളികള്‍ വരെ ഉയരുകയും ചെയ്‌തു. എന്നാല്‍ ഇക്കൂട്ടര്‍ക്ക് കനത്ത മറുപടി നല്‍കിക്കൊണ്ടാണ് ഇംഗ്ലണ്ടിനെതിരായ (India vs England Test) വിശാഖപട്ടണം ടെസ്റ്റില്‍ 24-കാരനായ ശുഭ്‌മാന്‍ ഗില്‍ (Shubman Gill ) തകര്‍പ്പന്‍ സെഞ്ചുറിയടിച്ചത്.

മറ്റ് താരങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ ഒരറ്റത്ത് നിലയുറപ്പിച്ച ശുഭ്‌മാന്‍ ഗില്‍ 147 പന്തില്‍ 104 റണ്‍സാണ് നേടിയത്. 11 ബൗണ്ടറികളും രണ്ട് സിക്‌സറുകളുമടങ്ങുന്നതായിരുന്നു ഗില്ലിന്‍റെ ക്ലാസും മാസും നിറഞ്ഞ ഇന്നിങ്‌സ്. ഇതിന് പിന്നാലെ തന്‍റെ പ്രതീക്ഷ കാത്തതിന് ഗില്ലിനോട് നന്ദി പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ (Kevin Pietersen).

തന്‍റെ എക്‌സ്‌ അക്കൗണ്ടിലാണ് കെവിന്‍ പീറ്റേഴ്‌സണ്‍ ഗില്ലിനുള്ള സ്‌നേഹം അറിയിച്ചത്. മോശം പ്രകടനത്തില്‍ വിമര്‍ശനം കടുക്കുന്നതിനിടെ നേരത്തെ ഗില്ലിനെ ശക്തമായി പിന്തുണച്ച് രംഗത്ത് എത്തിയ വ്യക്തിയാണ് കെവിന്‍ പീറ്റേഴ്‌സണ്‍. റെഡ്‌ബോള്‍ ക്രിക്കറ്റില്‍ തിളങ്ങാന്‍ ശുഭ്‌മാന്‍ ഗില്ലിന് ആവശ്യമായ സമയം നല്‍കണം.

ഏറെ പ്രതിഭയുള്ള താരമാണ് ഗില്‍. കരിയറിന്‍റെ തുടക്കത്തില്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജാക്ക് കാലിസ് പോലും ഏറെ പ്രയാസപ്പെട്ടിരുന്നു എന്നും ചൂണ്ടിക്കാട്ടി ഒരു എക്‌സ് പോസ്റ്റിലായിരുന്നു 43-കാരനായ കെവിന്‍ പീറ്റേഴ്‌സണ്‍ ഗില്ലിന് പരസ്യ പിന്തുണ അറിയിച്ചത്. ഇതിന് പിന്നാലെ തന്നെ 24-കാരന്‍ സെഞ്ചുറിയുമായി തിളങ്ങിയതിലുള്ള സന്തോഷമാണ് പീറ്റേഴ്‌സണിന്‍റെ നന്ദി പ്രകടനം.

ALSO READ:48 മണിക്കൂര്‍, 12 ലക്ഷം അപേക്ഷകള്‍ ! ; ടി20 ലോകകപ്പ് ടിക്കറ്റുകള്‍ക്ക് വന്‍ 'ഡിമാന്‍റ്'

അതേസമയം ടെസ്റ്റില്‍ മൂന്നാമത്തെ സെഞ്ചുറിയാണ് ശുഭ്‌മാന്‍ ഗില്‍ വിശാഖപട്ടണത്ത് നേടിയിരിക്കുന്നത്. 11 മാസങ്ങള്‍ക്ക് ശേഷമാണ് ക്രിക്കറ്റിന്‍റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ താരം വീണ്ടും മൂന്നക്കം തൊടുന്നത്. അതേസമയം ഗില്ലിന്‍റെ സെഞ്ചുറിയുടെ മികവില്‍ രണ്ടാം ഇന്നിങ്‌സില്‍ 255 റണ്‍സാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നേടിയ 396 റണ്‍സിന് മറുപടിക്ക് ഇറങ്ങിയ ഇംഗ്ലണ്ട് 253 റണ്‍സില്‍ പുറത്തായിരുന്നു. ഇതോടെ മത്സരത്തില്‍ വിജയത്തിനായി 399 റണ്‍സാണ് ഇംഗ്ലണ്ടിന് നേടേണ്ടത്.

ALSO READ: അയാള്‍ സൂപ്പര്‍മാനാണ്, ചരിത്രത്തിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാള്‍ ; ബുംറയെ വാഴ്‌ത്തി ആകാശ് ചോപ്ര

45 റണ്‍സെടുത്ത അക്‌സര്‍ പട്ടേലാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ രണ്ടാമത്തെ ടോപ്‌ സ്‌കോറര്‍. ആര്‍ അശ്വിന്‍ (29), ശ്രേയസ് അയ്യര്‍ (29), രോഹിത് ശര്‍മ (13), യശസ്വി ജയ്‌സ്വാള്‍ (17) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍. ഇംഗ്ലണ്ടിനായി ടോം ഹാര്‍ട്ട്‌ലി നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. റെഹാന്‍ അഹമ്മദിന് മൂന്നും ജയിംസ്‌ ആന്‍ഡേഴ്‌സണ് രണ്ടും വീതം വിക്കറ്റുകളുണ്ട്.

ABOUT THE AUTHOR

...view details