തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളം നാളെ ഉത്തര്‍പ്രദേശിനെ നേരിടും. കേരളവും ബംഗാളും തമ്മിലുള്ള കഴിഞ്ഞ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. ഇതുവരെയുള്ള കളികളില്‍ നിന്നും 8 പോയിന്‍റുകളുമായി കേരളം രണ്ടാം സ്ഥാനത്താണ്.
5 പോയിന്‍റുമായി ഉത്തര്‍പ്രദേശ് അഞ്ചാം സ്ഥാനത്താണ് നില്‍ക്കുന്നത്. കര്‍ണാടകക്കും എട്ട് പോയന്‍റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റിലാണ് കേരളം രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 13 പോയന്‍റുമായി ഹരിയാനയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര കളിക്കുന്നതിനാല്‍ സഞ്ജു സാംസണ്‍ ടീമിലില്ല.
തിരുവനന്തപുരം തുമ്പ സെന്‍റ് സേവിയേഴ്സ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. തുമ്പയിൽ അവസാനം നടന്ന രഞ്ജി മത്സരത്തിൽ പഞ്ചാബിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയമായിരുന്നു. കര്‍ണാടകക്കെതിരായ നടന്ന മത്സരം മഴമൂലം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് കേരളത്തിന് തിരിച്ചടിയായി. ബംഗാളിനെതിരെ നടന്ന എവേ മത്സരത്തിലും മഴ തടസ്സമായെങ്കിലും ഒന്നാം ഇന്നിങ്സ് ലീഡ് നേടാനായത് കേരളത്തിന് നേട്ടമായി.