ഹൈദരാബാദ്: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ മുംബൈക്കെതിരെ കേരളത്തിന് 44 റണ്‍സ് ജയം. രോഹന്‍ എസ് കുന്നുമ്മല്‍- സല്‍മാന്‍ നിസാര്‍ വെടിക്കെട്ടില്‍ കേരളം പടുകൂറ്റന്‍ സ്കോറുയര്‍ത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേരളം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടപ്പെടുത്തി 234 റണ്‍സെടുത്തപ്പോള്‍ മുംബൈ 20 ഓവറില്‍ 191 റണ്‍സാണെടുത്തത്.രോഹന്‍ 48 പന്തില്‍ 87 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സല്‍മാന്‍ 49 പന്തില്‍ 99* റണ്‍സുമായി പുറത്താവാതെ നിന്നു.
ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഷര്‍ദ്ദുല്‍ താക്കൂറിനെതിരെ മൂന്നാം പന്തില്‍ ബൗണ്ടറി നേടി പ്രതീക്ഷ തന്നെങ്കിലും അടുത്ത പന്തില്‍ മടങ്ങി. ഷര്‍ദ്ദുലിനെ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ച് ബൗള്‍ഡാവുകയായിരുന്നു. സഞ്ജു സാംസണ്‍ 4 പന്തില്‍ 4 റണ്‍സാണ് ഇത്തവണ സ്വന്തമാക്കിയത്.
മുഹമ്മദ് അസ്ഹറുദ്ദീന്‍ 8 പന്തില്‍ 13 റണ്‍സും സച്ചിന്‍ ബേബി 4 പന്തില്‍ 7 റണ്‍സുമെടുത്ത് മടങ്ങി. മൂന്നാം വിക്കറ്റില്‍ രോഹന്‍ എസ് കുന്നുമ്മലും സല്‍മാന്‍ നിസാറും ചേര്‍ന്ന് കേരളത്തിനായി തകര്‍ച്ചടിച്ചു.
രോഹന്‍- സല്‍മാന്‍ സഖ്യം 100 റണ്‍സ് പാര്‍ട്‌ണര്‍ഷിപ്പ് തികയ്ക്കുകയും ചെയ്തു. ക്രീസിലെത്തി ആദ്യ പന്തില്‍ സിക്‌സര്‍ പറത്തിയ വിഷ്‌ണു വിനോദ് (2 പന്തില്‍ 6) തൊട്ടടുത്ത ബോളില്‍ പുറത്തായി. അബ്ദുള്‍ ബാസിത് റണ്ണൊന്നുമെടുക്കാതെയും അജ്നാസ് എം 7 രണ്‍സുമെടുത്ത് പുറത്തായി.
235 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയുടെ ഓപ്പണര്‍ പൃഥ്വി ഷാ 13 പന്തില്‍ 23 റണ്‍സാണെടുത്തത്. ആന്‍ങ്ക്രിഷ് രഘുവന്‍ഷി (15 പന്തില്‍ 16), നായകന്‍ ശ്രേയസ് അയ്യര്‍ (18 പന്തില്‍ 32), ഷാംസ് മലാനി (4 പന്തില്‍ 5) , ര്യാന്‍ഷ് ഷെഹ്‌ഡെ (8 പന്തില്‍ 9), അജിങ്ക്യ രഹാനെ (35 പന്തില്‍ 68), ഷര്‍ദ്ദുല്‍ താക്കൂര്‍ (4 പന്തില്‍ 3), ഹര്‍ദിക് താമോര്‍ (13 പന്തില്‍ 23), മോഹിത് ആവസ്ത്തി (2 പന്തില്‍ 1) റണ്‍സുമെടുത്ത് പൊരുതി. കേരളത്തിനായി നിധിഷ് എം ഡി നാല് വിക്കറ്റ് സ്വന്തമാക്കി. രണ്ട് വീതം വിക്കറ്റുമായി വിനോദ് കുമാര്‍ സി വിയും അബ്‌ദുള്‍ ബാസിത് പി എയും തിളങ്ങി.
Also Read:ക്രിക്കറ്റ് മത്സരത്തിനിടെ നെഞ്ചുവേദന; കുഴഞ്ഞുവീണു മരിച്ചു, സംഭവം ബൗണ്ടറിയടിച്ച ശേഷം