തിരുവനന്തപുരം:കേരള ക്രിക്കറ്റ് ലീഗില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് ജയം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരെ എട്ട് വിക്കറ്റ് വിജയത്തോടെ കൊല്ലം തേരോട്ടം ആരംഭിച്ചു. ടോസ് നേടിയ കൊല്ലം ക്യാപ്‌റ്റന്‍ സച്ചിൻ ബേബി കാലിക്കറ്റിനെ ബാറ്റിങ്ങിലേക്ക് അയക്കുകയായിരുന്നു. 105 റൺസ് പിന്തുടർന്ന കൊല്ലം 16.4 ഓവറിൽ വിജയം നേടി. കൊല്ലത്തിനായി അഭിഷേക് നായർ അർധ സെഞ്ചറി കരസ്ഥമാക്കി.
നില പരുങ്ങലിലായ കാലിക്കറ്റ് ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 104 റൺസ്. 38 റൺസെടുത്ത ഓപ്പണർ അരുൺ കെ.എയാണ് കാലിക്കറ്റിന്‍റെ ടോപ് സ്കോറർ. ക്യാപ്റ്റൻ രോഹന്‍ എസ്. കുന്നുമ്മൽ ആറു റൺസെടുത്തു പുറത്തായി. കെ എം ആസിഫ് രോഹനെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. 27 പന്തിൽ 18 റണ്‍സെടുത്ത സൽമാൻ നിസാർ, 16 പന്തിൽ 20 റണ്‍സെടുത്ത അഭിജിത് പ്രവീൺ എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്ന കാലിക്കറ്റിന്‍റെ താരങ്ങള്‍.
കൊല്ലത്തിനായി കെ.എം ആസിഫ് മൂന്നും ബേസിൽ എൻ.പി, സച്ചിൻ ബേബി എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. അഭിഷേക് നായർ നാലു സിക്‌സുകളും മൂന്നു ഫോറുകളും അടക്കം 61 റൺസ് നേടി ടീമിന്‍റെ വിജയ ശില്‍പിയായി. വത്സല്‍ ഗോവിന്ദ് മികച്ച പിന്തുണയും നല്‍കി. 23 പന്തില്‍ 16 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റൻ സച്ചിൻ ബേബി 19 റൺസെടുത്തു പുറത്തായി.