കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ പഞ്ചാബിനെ തകര്‍ത്ത ആത്മവീര്യവുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തിലിറങ്ങുന്നു. ഒഡീഷ എഫ്‌സിക്കെതിരെ കൊച്ചിയില്‍ വൈകിട്ട് 7.30നാണ് മത്സരം. ഇനിയുള്ള മത്സരങ്ങളില്‍ ജയിച്ചാല്‍ മാത്രമേ പ്ലേഓഫ് സാധ്യമാകു. പോയിന്‍റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്‌സ് 9–ാം സ്ഥാനത്തും ഒഡീഷ ഏഴാമതുമാണ് നില്‍ക്കുന്നത്.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് ഒഡീഷ എഫ്‌സിയിലേയ്ക്ക് ചേക്കേറിയ മലയാളി താരം കെ പി രാഹുല്‍ ഇന്നത്തെ മത്സരത്തില്‍ ഇറങ്ങില്ല. കരാര്‍ വ്യവസ്ഥകള്‍ നിലനില്‍ക്കുന്നതിനാലാണ് താരം ഒഡീഷയ്ക്ക് വേണ്ടി ഇറങ്ങാത്തതെന്നാണ് സൂചന.
മുന്‍ പരിശീലകനായ മിഖായേൽ സ്റ്റാറെയെ പുറത്താക്കിയ ഒഴിവില്‍ മലയാളിയായ പുരുഷോത്തമന് കീഴിൽ നിരാശപ്പെടുത്താത്ത പ്രകടനമാണ് മഞ്ഞ കുപ്പായക്കാർ നടത്തുന്നത്. അവസാന കളിയില്‍ ഒമ്പതുപേരായി ചുരുങ്ങിയിട്ടും പഞ്ചാബിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ജയിക്കാന്‍ കഴിഞ്ഞതിനാല്‍ ഒഡീഷയെ മുട്ടിക്കുത്തിക്കാമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ കണക്കുകൂട്ടല്‍.
ഇന്നത്തെ കളിയില്‍ സച്ചിൻ തന്നെയാകും ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോൾ വല കാക്കുമെന്നാണ് കരുതുന്നത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, യുവ താരം കോറു സിങ് എന്നിവരും ടീമിലുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. മൊറോക്കൻ താരം നോഹ സദൗയിക്കും ഘാന താരം ക്വാമെ പെപ്രയ്ക്കും തിളങ്ങാനായാൽ ബ്ലാസ്റ്റേഴ്‌സിന് കാര്യങ്ങൾ എളുപ്പമാകും.
അതേസമയം ഒഡീഷ ലീഗിലെ അവസാന മൂന്ന് മത്സരങ്ങളിലെ വിജയമില്ലാത്ത യാത്ര അവസാനിക്കാനാണ് നോക്കുന്നത്. കഴിഞ്ഞ കളിയില്‍ ചെന്നൈയിന്‍ എഫ്‌സിയോടെ 2-2ന് സമനില വഴങ്ങിയിരുന്നു. ഗോള്‍ വേട്ടയില്‍ ഒട്ടും മടിയില്ലാത്ത ടീമാണ് ഒഡീഷ. 29 ഗോളുമായി ലീഗിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ ടീം. എന്നാല്‍ ബ്ലാസ്റ്റേഴ്‌സാകട്ടെ ഈ നിരയിൽ 23 ഗോളുകളുമായി ആറാം സ്ഥാനത്താണ് നില്‍ക്കുന്നത്.
ഇരു ടീമുകളും ഇതുവരെ 12 തവണ നേർക്കുനേർ വന്നതിൽ നാല് വീതം ജയം ബ്ലാസ്റ്റേഴ്സിനും ഒഡീഷയ്‌ക്കുമുണ്ട്. നാല് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. മത്സരം സ്പോർട്‌സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും ലൈവ് കാണാവുന്നതാണ്.