ന്യുഡല്‍ഹി: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ കാഗിസോ റബാഡയ്ക്ക് അപൂർവ നേട്ടം. ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗത്തില്‍ 300 വിക്കറ്റ് വീഴ്ത്തുന്ന ലോകത്തിലെ ആദ്യ ബൗളർ എന്ന റെക്കോർഡാണ് താരം സൃഷ്ടിച്ചത്. കരിയറിൽ റബാഡ വെറും 11,817 പന്തിലാണ് 300 വിക്കറ്റ് തികച്ചത്. ബംഗ്ലാദേശ് ബാറ്റര്‍ മുഷ്‌ഫിഖർ റഹീമിന്‍റെ വിക്കറ്റ് വീഴ്ത്തിയാണ് താരം നേട്ടം കൈവരിച്ചത്. മുന്‍ പാകിസ്ഥാൻ പേസർ വഖാർ യൂനിസിന്‍റെ ഇതുവരേയുള്ള റെക്കോര്‍ഡാണ് (12,602 പന്തിൽ) റബാഡ മറികടന്നത്.
2015ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച റബാഡ തന്‍റെ 65-ാം മത്സരത്തിലാണ് നാഴികക്കല്ലിലേക്ക് എത്തിയത്. ഡെയ്ൽ സ്റ്റെൻ(12,605), അലൻ ഡൊണാൾഡ് (13,672), മാൽക്കം മാർഷൽ (13,728) എന്നിവരെയാണ് താരം പിന്നിലാക്കിയത്. 40ല്‍ താഴെ സ്‌ട്രൈക്ക് റേറ്റില്‍ 50 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് കാഗിസോ റബാഡ. 300 വിക്കറ്റ് തികയ്ക്കുന്ന ഏതൊരു ബൗളറുടെയും മികച്ച് സ്‌ട്രൈക്ക് റേറ്റും ഇനി റബാഡയ്ക്ക് സ്വന്തം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അലൻ ഡൊണാൾഡിന് ശേഷം 300 ടെസ്റ്റ് വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ ദക്ഷിണാഫ്രിക്കൻ ബൗളറാണ് റബാഡ. ഡെയ്ൽ സ്റ്റെയ്‌നാണ് പട്ടികയിൽ ഒന്നാമത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ആറാമത്തെ ദക്ഷിണാഫ്രിക്കൻ ബൗളർ കൂടിയാണ് അദ്ദേഹം. ഡെയ്ൽ സ്റ്റെയ്‌നാണ് (439) വിക്കറ്റുകളുമായി ഒന്നാമത്.