മാഡ്രിഡ്:ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലെ (UEFA Champions League Round Of 16) ഒന്നാം പാദ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന് (Real Madrid) ആശങ്കയായി താരങ്ങളുടെ പരിക്ക്. മധ്യനിരയിലെ പ്രധാനി ജൂഡ് ബെല്ലിങ്ഹാം (Jude Bellingham), പ്രതിരോധനിര താരം അന്റോണിയോ റൂഡിഗെര്‍ (Antonio Rudiger) എന്നിവരാണ് നിലവില്‍ പരിക്കിന്റെ പിടിയിലുള്ള റയല്‍ മാഡ്രിഡ് താരങ്ങള്‍. ഇരുവര്‍ക്കും ചാമ്പ്യന്‍സ് ലീഗില്‍ ഫെബ്രുവരി 14ന് നടക്കുന്ന ആർബി ലീപ്സിഗിനെതിരായ മത്സരംനഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട് (RB Leipzig vs Real Madrid).
ലാ ലിഗ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ജിറോണയ്ക്കെതിരായ മത്സരത്തിനിടെയാണ് ജൂഡ് ബെല്ലിങ്ഹാമിന് പരിക്കേറ്റത്. മത്സരത്തില്‍ ബെല്ലിങ്ഹാം രണ്ട് ഗോളുകള്‍ നേടിയിരുന്നു. രണ്ടാമത്തെ ഗോള്‍ സ്കോര്‍ ചെയ്തതിന് പിന്നാലെ മത്സരത്തിന്റെ 57-ാം മിനിറ്റില്‍ ബെല്ലിങ്ഹാമിനെ സബ്സ്റ്റിട്യൂട്ട് ചെയ്യുകയും ചെയ്തിരുന്നു.
തുടര്‍ന്ന്, പരിക്ക് ഗുരുതരമല്ലെന്നും ബെല്ലിങ്ഹാമിന് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റയല്‍ പരിശീലകന് കാര്‍ലോ ആൻസലോട്ടി വ്യക്തമാക്കിയിരുന്നു. എന്നാല്‍, തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ താരത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തുകയും രണ്ടാഴ്ചയോളം വിശ്രമം വേണ്ടിവരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നിലവില്‍ പരിക്കിന്റെ പിടിയിലുള്ള താരം ആർബി ലീപ്സിഗിനെതിരായ രണ്ടാം പാദ മത്സരത്തിന് മുന്‍പ് ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് റയലിന്റെ പ്രതീക്ഷ.