അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായിട്ടായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിൻ ടെണ്ടുല്‍ക്കര്‍ കളം വിട്ടത്. കളിമൈതാനത്തോട് വിടപറയുമ്പോള്‍ ഏകദിനത്തിലായാലും ടെസ്റ്റിലായാലും ആര്‍ക്കും അത്ര വേഗത്തില്‍ കടന്നുചെല്ലാൻ സാധിക്കാത്ത ഒരു റണ്‍മലയും അദ്ദേഹം സൃഷ്‌ടിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തുടരെ സെഞ്ച്വറികളുമായി ടെസ്റ്റില്‍ സച്ചിന്‍റെ റെക്കോഡിന് ഭീഷണി തീര്‍ക്കുകയാണ് ഇംഗ്ലണ്ടിന്‍റെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട്.
സമകാലിക ക്രിക്കറ്റില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് ജോ റൂട്ട്. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനായ ജോ നിലവില്‍ പുരോഗമിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പൻ ഫോമിലാണ്. ലോര്‍ഡ്‌സില്‍ നടക്കുന്ന മത്സരത്തിന്‍റെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറിയടിക്കാൻ റൂട്ടിനായിരുന്നു.
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറിയടിച്ചതോടെ ഇംഗ്ലണ്ടിനായി ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ ഫോര്‍മാറ്റില്‍ കൂടുതല്‍ ശതകങ്ങള്‍ തികയ്‌ക്കുന്ന താരമായും റൂട്ട് മാറി. ഇംഗ്ലീഷ് ഇതിഹാസ താരം അലിസ്റ്റര്‍ കുക്കിന്‍റെ പേരിലുണ്ടായിരുന്ന റെക്കോഡായിരുന്നു ക്രിക്കറ്റിന്‍റെ മെക്കയെന്ന് വിശേഷണമുള്ള ലോര്‍ഡ്‌സില്‍ റൂട്ട് പഴങ്കഥയാക്കിയത്.