ബംഗളൂരു:വനിതാ പ്രീമിയര്‍ ലീഗിലെ (Women's Premier League) തന്‍റെ അരങ്ങേറ്റം കളറാക്കി ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ് മലയാളി താരം സജന സജീവന്‍ (Sajana Sajeevan). വനിത ഐപിഎല്ലിന്‍റെ രണ്ടാം പതിപ്പിന്‍റെ (WPL 2024) ഉദ്‌ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ (Mumbai Indians) സൂപ്പര്‍ വുമണായി മാറിയാണ് മാനന്തവാടിക്കാരിയായ സജന ചര്‍ച്ചയായിരിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ (Delhi Capitals ) മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ മുംബൈയ്‌ക്ക് അവിശ്വസനീയ വിജയം സമ്മാനിച്ച് തിളങ്ങാന്‍ താരത്തിന് കഴിഞ്ഞിരുന്നു.
ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹിക്കെതിരെ അവസാന പന്തില്‍ വിജയത്തിനായി മുംബൈ ടീമിന് അഞ്ച് റണ്‍സ് വേണമെന്നിരിക്കെയാണ് അരങ്ങേറ്റക്കാരിയായ സജന ക്രീസിലേക്ക് എത്തുന്നത്. നേരിട്ട ആദ്യ പന്ത് തന്നെ ലോങ് ഓണിലേക്ക് അതിര്‍ത്തിവര കടത്താന്‍ 29-കാരിയ്‌ക്ക് കഴിഞ്ഞു. ഇതിന് പിന്നാലെ സജനയെ പുകഴ്‌ത്തി നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്.
ഇക്കൂട്ടത്തില്‍ ചേര്‍ന്നിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ജമീമ റോഡ്രിഗസ് (Jemimah Rodrigues). സജന മിന്നും താരമാണെന്നാണ് ജമീമ റോഡ്രിഗസ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്. ഏറെ മോശം പശ്ചാത്തലത്തില്‍ നിന്നാണ് 29-കാരി വരുന്നതെന്നും ജമീമ തന്‍റെ എക്‌സ് പോസ്റ്റില്‍ വ്യക്തമക്കുന്നുണ്ട്.
''ഞങ്ങള്‍ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല മത്സരത്തിന്‍റെ ഫലം. എന്തൊരു ഫിനിഷിങ്ങാണ് അരങ്ങേറ്റക്കാരി സജന നടത്തിയത്. വളരെ മോശം പശ്ചാത്തലത്തില്‍ നിന്നാണ് അവള്‍ വരുന്നത്. കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അവര്‍ക്ക് ഏറെക്കുറെ എല്ലാം നഷ്‌ടമായിരുന്നു.