'എന്നും എപ്പോഴും' എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണ് 'ഹൃദയപൂർവ്വം'. എട്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
തരുൺ മൂർത്തി സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രം 'L360' യുടെ ചിത്രീകരണം കഴിഞ്ഞ ആഴ്‌ച്ചയാണ് പൂര്‍ത്തിയാക്കിയത്. അതേസമയം മോഹൻലാൽ പൃഥ്വിരാജ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'എമ്പുരാന്‍റെ' ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിനിടെ മോഹൻലാൽ അടുത്തതായി ചെയ്യാനൊരുങ്ങുന്ന പ്രോജക്‌ടിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഹൻലാൽ സത്യൻ അന്തിക്കാട് ചിത്രം 'ഹൃദയപൂർവ്വം' ഉടൻ ആരംഭിക്കുമെന്നാണ്. ചിത്രത്തില്‍ ഈ വര്‍ഷം സെപ്‌റ്റംബറില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാൽ സെപ്‌റ്റംബറും ഒക്‌ടോബറും പിന്നിട്ടതോടെ 'ഹൃദയപൂർവ്വ'ത്തിന്‍റെ കാര്യത്തിൽ അഭ്യൂഹങ്ങൾ പരന്നു.
സിനിമയുടെ ചർച്ചകൾ യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുന്നതായാണ് സൂചന. 'ഹൃദയപൂർവ്വ'ത്തിന്‍റെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്ന സൂചനയാണ് സത്യൻ അന്തിക്കാടിന്‍റെ മകനും സംവിധായകനുമായ അഖിൽ സത്യന്‍റെ ഫേസ്‌ബുക്ക് ഇൻസ്‌റ്റഗ്രാം സ്‌റ്റോറികളില്‍ നിന്നും ലഭിക്കുന്ന സൂചന. സത്യൻ അന്തിക്കാടും ഫിലിം എഡിറ്ററും നടനുമായ സംഗീത് പ്രതാപും ഒന്നിച്ചുള്ളൊരു ചിത്രമാണ് അഖില്‍ സത്യന്‍ പങ്കുവച്ചത്.
"സത്യൻ അന്തിക്കാട് മോഹൻലാൽ യൂണിവേഴ്‌സിലേക്ക് ഇപ്പോൾ സംഗീതും" -എന്ന അടിക്കുറിപ്പോടു കൂടിയാണ് അഖില്‍ സത്യന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. തൃശൂർ അന്തിക്കാടുള്ള സത്യൻ അന്തിക്കാടിന്‍റെ വസതിയിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്‌ച്ച നടത്തിയതെന്നാണ് ചിത്രത്തിലൂടെ വ്യക്തമാകുന്നത്.
'പ്രേമലൂ' എന്ന സിനിമയിൽ അമൽ ഡേവിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ജനഹൃദയങ്ങളിൽ സ്ഥാനംപിടിച്ച നടനാണ് സംഗീത് പ്രതാപ്. 'ലിറ്റിൽ മിസ് റാവുത്തർ' എന്ന ചിത്രം എഡിറ്റ് ചെയ്‌തതിന് കഴിഞ്ഞ വർഷത്തെ മികച്ച ചിത്രസംയോജകനുള്ള സംസ്ഥാന പുരസ്‌കാരം സംഗീത് പ്രതാപിന് ലഭിച്ചിരുന്നു.
'ഹൃദയപൂർവ്വം' എന്ന സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ വരും ദിവസങ്ങളിൽ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും. സിനിമയില്‍ ഐശ്വര്യ ലക്ഷ്‌മിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എട്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുമ്പോൾ മികച്ച ഒരു കുടുംബ ചിത്രം പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.