മിമിക്രി കലാവേദികളിലൂടെ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറിയ നടന്‍മാരില്‍ ഒരാളാണ് ബിജുക്കുട്ടൻ. കോമഡി ഒരല്‍പ്പം ഡോസ് കൂട്ടി അവതരിപ്പിക്കുന്നതിന് സലിംകുമാറും ബിജുക്കുട്ടനും മുന്നിലാണ്. സ്വതസിദ്ധ ശൈലിയിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ബിജുക്കുട്ടൻ തന്‍റെ സിനിമ വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ്.
മൈക്കിൾ ജാക്‌സൺ സ്‌റ്റെപ്പ് പ്രതീക്ഷിച്ച് ചെന്ന് ലഭിച്ചത് പാറ്റ ഡാൻസ്.. എആർഎമ്മിലെ ഇമേജ് മാറ്റാൻ സഹായിച്ച വേഷം.. മിഥുൻ മാനുവൽ തോമസ് വേണ്ടി മുറുക്കാൻ ചവയ്ക്കുന്ന മാലാഖയായി മാറിയത്.. അങ്ങനെ നിരവധി കാര്യങ്ങളാണ് ബിജുക്കുട്ടൻ ഇടിവി ഭാരതിനോട് പങ്കുവച്ചത്.
സ്വതസിദ്ധമായ ശൈലിയിൽ കോമഡികൾ അവതരിപ്പിച്ച് കഴിഞ്ഞ 19 വർഷമായി ബിജുക്കുട്ടൻ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറിയിരിക്കുകയാണ്. മികച്ച അഭിനേതാക്കള്‍ കൂടിയാണ് മലയാളത്തിലെ ഹാസ്യ താരങ്ങളെല്ലാം. അങ്ങനെയൊരു വസ്‌തുതയ്ക്ക് അടിവരയിട്ട് ഉറപ്പിക്കുന്ന പ്രകടനമാണ് ബിജുക്കുട്ടൻ 'അജയന്‍റെ രണ്ടാം മോഷണ'ത്തില്‍ കാഴ്‌ച്ചവച്ചിരിക്കുന്നത്.
ബിജുക്കുട്ടന്‍ ഇതുവരെ ചെയ്‌തുവന്ന കഥാപാത്രങ്ങളിൽ നിന്നും വളരെയധികം വ്യത്യസ്‌തതയുള്ള അഭിനയ മുഹൂർത്തങ്ങൾ കാഴ്‌ച്ചവയ്ക്കാൻ സഹായിച്ച ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം'. ബിജുക്കുട്ടൻ എന്ന നടനെ കൊണ്ട് ഏതു വേഷവും അനായാസം അവതരിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണമാണിത്.
'അജയന്‍റെ രണ്ടാം മോഷണം' എന്ന ചിത്രമാണ് കോമഡി ചെയ്യുന്ന ആൾ എന്ന ടാഗ് ലൈനിൽ നിന്നും മാറാൻ ബിജുക്കുട്ടനെ സഹായിച്ചത്. കരിയറിയില്‍ ചെറിയൊരു ഇടവേള സംഭവിച്ച നടന്‍, കഴിഞ്ഞ ദിവസം റിലീസായ പ്രീമിയർ പത്‌മിനി എന്ന ജനപ്രിയ വെബ് സിരീസിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണിപ്പോള്‍.
"മലയാളത്തിൽ ഒരു ഇടവേള സംഭവിച്ചിട്ടുണ്ട്. ലോക്ക് ഡൗണിന് ശേഷം വിരലില്‍ എണ്ണാവുന്ന കഥാപാത്രങ്ങളാണ് അവതരിപ്പിക്കാൻ സാധിച്ചിട്ടുള്ളത്. ടെലിവിഷൻ പരിപാടികളിലൂടെയും വെബ് സിരീസുകളിലൂടെയും സജീവമായിരുന്നെങ്കിലും സിനിമകൾ ചെയ്‌തിട്ടില്ലെന്ന വസ്‌തുത അംഗീകരിച്ചേ മതിയാകൂ. ബിജുക്കുട്ടൻ ഇനി മുതൽ സെലക്‌ടീവാണ്.
എനിക്ക് മനസ്സിന് ഇഷ്‌ടപ്പെടുന്ന കഥാപാത്രങ്ങൾ മാത്രമെ ചെയ്യുകയുള്ളൂ, അതുകൊണ്ട് സിനിമകളിൽ നിന്നും മാറി നിൽക്കുന്നു എന്നൊരു തെറ്റിദ്ധാരണ ആർക്കും വേണ്ട. ഉറപ്പായും മികച്ച കഥാപാത്രങ്ങൾ ലഭിക്കണം. പക്ഷേ കഴിഞ്ഞ കുറച്ച് നാളുകളായി അവസരങ്ങൾ ലഭിക്കുന്നതിൽ കുറവ് സംഭവിച്ചു.
പോത്തൻ വാവ, ഛോട്ടാ മുംബൈ തുടങ്ങിയ ചിത്രങ്ങൾ റിലീസ് ചെയ്‌ത ശേഷം ഞാൻ നൽകിയ അഭിമുഖങ്ങളില്‍ തുറന്ന് പറഞ്ഞ ഒരു കാര്യമുണ്ട്. എന്നെക്കാൾ മികച്ച കലാകാരന്‍മാര്‍ ഇപ്പോഴും അവസരം ലഭിക്കാതെ നമ്മുടെ തെരുവോരങ്ങളിൽ പ്രതീക്ഷയോടെ നിൽക്കുന്നുണ്ട്. അത്തരക്കാർക്ക് അവസരങ്ങൾ ലഭിക്കുന്നതോടെ മലയാള സിനിമയ്ക്ക് കുറച്ചധികം മികച്ച കലാകാരന്‍മാരെ ലഭിക്കും.
എന്നെക്കാൾ മികച്ചവർ കടന്നു വരുമ്പോൾ വഴി മാറി കൊടുക്കുക തന്നെ ചെയ്യണം. അത്തരത്തിൽ ഒരു വഴിമാറലാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. അതിനർത്ഥം താൻ പഴഞ്ചനായി പോയി എന്നല്ല. എന്നെക്കാൾ മികച്ച രീതിയിൽ അഭിനയിക്കാൻ കഴിവുള്ളവർ ഇന്ന് ഇവിടെയുണ്ട്. മാത്രമല്ല ധാരാളം പുതുമുഖങ്ങൾക്കും മലയാള സിനിമയിൽ അവസരം ലഭിക്കുന്നു. ഈയൊരു സാഹചര്യത്തിലാണ് എന്നെപ്പോലുള്ള ചില കലാകാരന്‍മാര്‍ക്ക് അവസരങ്ങൾ കുറഞ്ഞത്." -ബിജുക്കുട്ടന്‍ പറഞ്ഞു.
പ്രീമിയർ പത്‌മിനി വിശേഷങ്ങളും ബിജുക്കുട്ടന്‍ പങ്കുവച്ചു. ലോക്ക് ഡൗൺ കാലത്ത് പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച പ്രീമിയർ പത്‌മിനി എന്ന ജനപ്രിയ വെബ് സിരീസ് ഒരു ഇടവേളക്ക് ശേഷം വീണ്ടും തിരിച്ചെത്തുകയാണ്. സീരിയസിന്‍റെ ആദ്യ അധ്യായത്തിൽ പ്രധാന വേഷമാണ് ബിജുക്കുട്ടന്‍ കൈകാര്യം ചെയ്യുന്നത്. സിറ്റുവേഷൻ കോമഡി കൊണ്ട് സമ്പന്നമായ ഒരു വെബ് സിരീസാണ് പ്രീമിയർ പത്‌മിനി.
"ഭദ്രൻ ഓൺ എയർ എന്ന ആദ്യ എപ്പിസോഡിൽ സെൻട്രൽ ക്യാരക്‌ടർ ചെയ്യാനായി സംവിധായകനായ അനൂപ് എന്നെ ക്ഷണിക്കുമ്പോൾ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. ഇതുവരെ ചെയ്‌തുവന്നിരുന്ന കോമഡി സിരീസുകളിൽ നിന്നും വളരെ വിഭിന്നമാണ് പത്‌മിനി.
കോമഡിക്ക് വേണ്ടി കൗണ്ടർ അടിക്കുന്ന പരിപാടികൾ ഒന്നും തന്നെ ഇവിടെയില്ല. സാഹചര്യങ്ങൾക്കനുസരിച്ച് ഹാസ്യം സൃഷ്‌ടിച്ചെടുക്കുകയാണ്. ഒരു ഗൾഫുകാരൻ ലീവ് കഴിഞ്ഞ് തിരികെ പോകുന്നതിനെ ചുറ്റിപ്പറ്റിയാണ് ഭദ്രൻ ഓൺ എയർ എന്ന ആദ്യ അദ്ധ്യായം കഥ പറയുന്നത്." -ബിജുക്കുട്ടന്‍ പറഞ്ഞു.
മകള്‍ക്കൊപ്പമുള്ള ബിജുക്കുട്ടന്‍റെ ഡാൻസ് റീലുകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും ട്രെൻഡാകാറുണ്ട്. ഇതേകുറിച്ചും ബിജുക്കുട്ടന്‍ സംസാരിച്ചു. പ്രഭുദേവ കളിക്കുന്നത് പോലെയും മൈക്കിൾ ജാക്‌സൺ കളിക്കുന്നത് പോലെയും സ്വപ്‌നം കണ്ട് സെറ്റിൽ എത്തിയ തനിക്ക് പാറ്റ ഡാന്‍ഡ് ലഭിച്ചതിനെ കുറിച്ചും ബിജുക്കുട്ടന്‍ പറയുന്നു.
"താൻ വലിയ ഡാൻസർ ഒന്നുമല്ല. മകൾ ക്ലാസിക്കല്‍ നൃത്തം പഠിച്ചിട്ടുണ്ട്. അവളുടെ സഹായത്തോടെയാണ് ചെറിയ നമ്പറുകളൊക്കെ ഇട്ട് ജീവിച്ചു പോകുന്നത്. എല്ലാവരും നന്നായി ഡാൻസ് കളിക്കുന്നുണ്ടെന്ന് പറയുമ്പോഴും അതൊക്കെ പഠിച്ചെടുക്കാനുള്ള പെടാപ്പാട് തനിക്ക് മാത്രമെ അറിയൂ.
ഡാൻസ് കളിക്കാൻ ചെറുപ്പം മുതലേ ഇഷ്‌ടമായിരുന്നു. കുട്ടിക്കാലം മുതൽ തന്നെ ഉത്സവപ്പറമ്പുകളിൽ ഗാനമേള നടക്കുമ്പോൾ സൗണ്ട് ബോക്‌സിന് അടുത്തുപോയി ഗാനത്തിന്‍റെ ബീറ്റ് ആസ്വദിച്ച് നൃത്തം ചെയ്യുമായിരുന്നു. പറമ്പൻ ഡാൻസ് എന്നാണ് ഞങ്ങൾ അതിനെ വിശേഷിപ്പിക്കാറ്. സിനിമയിലോ ഡാൻസ് കളിക്കാൻ അവസരം ലഭിക്കുന്നില്ല. എന്നാൽപ്പിന്നെ സോഷ്യൽ മീഡിയ എങ്കിൽ സോഷ്യൽ മീഡിയ.
ഡാൻസിനെ കുറിച്ച് പറയുമ്പോൾ ഛോട്ടാ മുംബൈയിലെ പാറ്റ ഡാൻസ് ആണ് പെട്ടെന്ന് ഓർമ്മ വരുന്നത്. തിരക്കഥാകൃത്ത് നായരമ്പലം തന്നെ ഒരു ദിവസം വിളിച്ചിട്ട് ചോദിച്ചു, നിനക്ക് ഡാൻസ് കളിക്കാൻ അറിയാമോ എന്ന്. ഇല്ലെന്ന് പറഞ്ഞ് ഉള്ള അവസരം കളയേണ്ടെന്ന് കരുതി. ലാലേട്ടനോടൊപ്പം ഒരു മുഴുനീള വേഷമാണ് ഈ ചിത്രത്തിലുള്ളത്. രണ്ടും കൽപ്പിച്ച് പറഞ്ഞു, ഡാൻസ് അറിയാമെന്ന്.
പ്രഭുദേവ കളിക്കുന്നത് പോലെയും മൈക്കിൾ ജാക്‌സൺ കളിക്കുന്നത് പോലെയും സ്വപ്‌നം കണ്ടാണ് സെറ്റിൽ എത്തുന്നത്. പിന്നെയാണ് മനസ്സിലായത് ഷർട്ടിനുള്ളിൽ പാറ്റ കുടുങ്ങി പോയതിനെ തുടർന്ന് അതിന്‍റെ ഇറിറ്റേഷനിൽ ഉണ്ടാക്കുന്ന ബോഡി മൂവ്‌മെന്‍റ് ഡാന്‍സ് പോലെ തോന്നിക്കുന്ന തരത്തിലാണ് ചെയ്യേണ്ടതെന്ന്. പാറ്റ എങ്കിൽ പാറ്റ.. മനസ്സിൽ തോന്നിയത് അങ്ങ് ചെയ്‌തു. ഒറ്റ ടേക്ക്, ഷോട്ട് ഓക്കേ." -ബിജുക്കുട്ടന്‍ പറഞ്ഞു.
ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ മാലാഖ സീനിനെ കുറിച്ചും ബിജുക്കുട്ടന്‍ മനസ് തുറന്നു. മിഥുൻ മാനുവൽ തോമസുമായുള്ള സൗഹൃദമാണ് മുറുക്കാൻ മാലാഖയെ മലയാളികള്‍ക്ക് സമ്മാനിച്ചതെന്നും നടന്‍ പറഞ്ഞു.
"ആട് എന്ന സിനിമയിൽ സംവിധായകൻ മിഥുൻ മാനുവൽ തോമസിനൊപ്പം വർക്ക് ചെയ്‌തിരുന്നു. അദ്ദേഹവുമായുള്ള സൗഹൃദമാണ് മുറുക്കാൻ മാലാഖയെ മലയാളിക്ക് സമ്മാനിച്ചത്. ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രം മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതിയ ചിത്രമാണ്.
ഒരു ദിവസം മിഥുൻ എന്നെ വിളിച്ചിട്ട് പറഞ്ഞു, ചേട്ടാ ഒരു ചെറിയ വേഷമുണ്ട്, രാവിലെ വന്നാൽ ഉച്ചയ്ക്ക് വിടാം. ചെറിയ വേഷമാണെന്ന് കരുതി വിഷമം ഒന്നും തോന്നരുത്. ഒരു മണിക്കൂർ കൊണ്ട് അഭിനയിച്ച് തീർക്കുന്ന വേഷമാണെങ്കിൽ പോലും ഞാൻ വരുമെന്ന് മിഥുനോട് മറുപടി പറഞ്ഞു.
സെറ്റിൽ ചെന്നപ്പോഴാണ് അഭിനയിക്കേണ്ടത് മാലാഖ ആയിട്ടാണെന്ന് മനസ്സിലായത്. ശക്‌തമായ കാറ്റായിരുന്നു ആ മലമുകളിൽ. വേഷ വിധാനങ്ങൾക്ക് നല്ല ഭാരവും ഉണ്ടായിരുന്നു. ഒന്ന് തെറ്റിയാൽ നേരെ മലയുടെ താഴെ പോകും. ഒരു പ്രത്യേക രീതിയിൽ അഡ്‌ജസ്‌റ്റ് ചെയ്‌ത് വേണം അവിടെ നിൽക്കാൻ. മലയാള സിനിമയിലെ ഐക്കോണിക് സീനുകളിൽ ഒന്നായി അത് മാറിയതിൽ സന്തോഷമുണ്ട്.
ഇത്രയും പ്രേക്ഷക പിന്തുണ ആ സീനിന് ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മുഴുവൻ വേഷ വിധാനവും ധരിച്ചിട്ടാണ് ആ മലമുകളിലേയ്‌ക്ക് കയറുന്നത്. രണ്ട് വലിയ ചിറകുകൾ ഉണ്ട് മാലാഖക്ക്. മൂന്ന് പേര്‍ തന്‍റെ ചിറകിലും, ഒരാൾ എന്‍റെ കാലിലും പിടിച്ചാണ് ആ മലമുകളിലേയ്‌ക്ക് എത്തിച്ചേരുന്നത്. കാറ്റടിക്കുമ്പോൾ പറന്ന് പോകും എന്നുവരെ തോന്നിയിരുന്നു. നല്ലൊരു എക്‌സ്‌പീരിയന്‍സ് ആയിരുന്നു ആ വേഷം."-ബിജുക്കുട്ടന്‍ പറഞ്ഞു.