ഹൈദരാബാദ്:ഐ.സി.സിയുടെ പുതിയ ചെയര്‍മാനായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ നിയമിതനായേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐസിസി) ചെയര്‍മാന്‍ ഗ്രെഗ് ബാർക്ലേയാണ്. അടുത്ത നവംബറിൽ അദ്ദേഹത്തിന്‍റെ കാലാവധി അവസാനിക്കും. വീണ്ടും ചെയര്‍മാനാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഗ്രെഗ് ബാര്‍ക്ലെ ഐസിസി ഡയറക്ടർമാരുടെ യോഗത്തിൽ പറഞ്ഞതായാണ് വിവരം.
ബാര്‍ക്ലെയുടെ കാലാവധി അവസാനിക്കാനിരിക്കെ പുതിയ ചെയർമാനെ തിരഞ്ഞെടുക്കാനുള്ള നടപടികളിൽ ഐസിസി സജീവമാണ്. ഈ സാഹചര്യത്തിലാണ് ഐസിസിയുടെ പുതിയ ചെയര്‍മാനായി ബിസിസിഐ സെക്രട്ടറി ജയ് ഷായെ തിരഞ്ഞെടുക്കാൻ പോകുന്നതെന്നാണ് വിവരം.
ജയ് ഷായെ ഐസിസി തലപ്പത്തേക്ക് നിയമിക്കുന്നതിന് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകൾ പിന്തുണ അറിയിച്ചെങ്കിലും അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ഐസിസിയുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടാൻ ജയ് ഷായ്ക്ക് മറ്റ് ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണ ആവശ്യമാണ്. ശരദ് പവാര്‍, എന്‍ ശ്രീനിവാസന്‍, ജഗ്‌മോഹന്‍ ഡാല്‍മിയ, ശശാങ്ക് മനോഹര്‍ എന്നിവരാണ് ഇതിന് മുമ്പ് ഐ.സി.സി തലപ്പത്തെത്തിയ ഇന്ത്യക്കാര്‍.