മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 2024 (IPL 2024) സീസണിന് മുന്നോടിയായി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന് (KL Rahul) വമ്പന്‍ നിര്‍ദേശവുമായി ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ (Irfan Pathan). ലഖ്‌നൗവിന്‍റെ ഓപ്പണര്‍ സ്ഥാനത്ത് നിന്നും മാറി ടീമിന്‍റെ മധ്യനിരയില്‍ രാഹുല്‍ കളിക്കാന്‍ ഇറങ്ങണമെന്നാണ് പഠാന്‍ പറയുന്നത്. രാഹുൽ മധ്യനിരയില്‍ ബാറ്റ് ചെയ്യുന്നത് ലഖ്‌നൗവിനെ സംബന്ധിച്ച് മോശം ഓപ്ഷനായിരിക്കില്ലെന്നും ഇര്‍ഫാന്‍ പറഞ്ഞു.
"ഓട്ടോമാറ്റിക് കാറുകളുടെ കാലഘട്ടത്തിൽ ഗിയറുകളുള്ള ഒരു കാറാണ് രാഹുല്‍. ഒന്ന് മുതൽക്ക് അഞ്ച് വരെയുള്ള ഏത് ഗിയറിലും ബാറ്റ് ചെയ്യാൻ അവന്ന് കഴിയും. ഇനി ആറാമത്തെ ഗിയറും അവനുണ്ട്. ലഖ്‌നൗവിന്‍റെ ബാറ്റിങ് ഓര്‍ഡറില്‍ അവന്‍ താഴെ ബാറ്റ് ചെയ്യുന്നത് അത്ര മോശമാകില്ല"- ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.
പഞ്ചാബ് കിങ്‌സില്‍ നിന്നും 2022-ലാണ് രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിലേക്ക് മാറുന്നത്. ലഖ്‌നൗവില്‍ തുടക്കം തൊട്ട് ഓപ്പണറുടെ റോളിലാണ് 31-കാരന്‍ കളിക്കുന്നത്. ആദ്യ സീസണില്‍ കളിച്ച 15 മത്സരങ്ങളില്‍ നിന്നും 51 ശരാശരിയോടെ 616 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം.
പരിക്ക് വലച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ സീസണിന്‍റെ രണ്ടാം പാതി രാഹുലിന് പൂര്‍ണമായും നഷ്‌ടമായിരുന്നു. കളിച്ച ഒമ്പത് മത്സരങ്ങളില്‍ നിന്നും 274 റണ്‍സായിരുന്നു താരത്തിന് നേടാന്‍ കഴിഞ്ഞത്. അതേസമയം ഐപിഎല്ലില്‍ മധ്യനിരയില്‍ ഇറങ്ങി മികവ് തെളിയിക്കാന്‍ കഴിഞ്ഞാല്‍ ഒരു പക്ഷെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ രാഹുലിനും ഇടം ലഭിച്ചേക്കും.