ഹൈദരാബാദ്:ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (IPL ) 17-ാം സീസണിൽ മുംബൈ ഇന്ത്യന്‍സിനെ നയിക്കുക എന്നത് ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് (Hardik Pandya) പ്രയാസകരമായിരിക്കുമെന്ന് ഇന്ത്യയുടെ മുന്‍ ഓൾറൗണ്ടർ ഇർഫാൻ പഠാന്‍ ( Irfan Pathan ). ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇര്‍ഫാന്‍ പഠാന്‍ ഇക്കാര്യം പറഞ്ഞത്.
"നോക്കൂ, ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പോലെ തന്നെ വിജയകരമായ ഒരു ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യൻസ്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. നേതൃത്വം സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ട്.
രോഹിത് ശർമയായിരുന്നു ടീമിനെ നയിച്ചിരുന്നത്. ഇപ്പോള്‍ നായകനായാണ് ഹാര്‍ദിക് പാണ്ഡ്യ മുംബൈയിലേക്ക് തിരികെ എത്തിയിരിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ കേള്‍ക്കുന്നത്.
ടീമിനുള്ളിലെ നിരവധി കാര്യങ്ങള്‍ പുറത്തുവരുന്നുണ്ട്. തീര്‍ച്ചയായും അടുത്ത സീസണില്‍ മുംബൈയെ നയിക്കുക എന്നത് ഹാര്‍ദിക്കിന് പ്രയാസം തന്നെയാവും. ക്യാപ്റ്റനാവാന്‍ കഴിവുള്ള ധാരാളം താരങ്ങള്‍ ഇതിനകം തന്നെ മുംബൈ ടീമിലുണ്ട്. ഇന്ത്യന്‍ ടി20 ടീമിനെ അടുത്തിടെ നയിച്ച സൂര്യകുമാർ യാദവുണ്ട്.
ജസ്പ്രീത് ബുംറയും വളരെ മികച്ച ക്യാപ്റ്റനാണ്. മുംബൈയുടെ ഭാഗമായിരുന്ന ഒരാള്‍, ഗുജറാത്ത് ടൈറ്റന്‍സിലേക്ക് ചേക്കേറുന്നു. അവിടെ നിന്നും ക്യാപ്റ്റനായി തിരികെ എത്തുന്നു. എന്തു തന്നെയായാലും ഹാര്‍ദിക്കിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് ഒരു കളിക്കാരനെന്നെ നിലയില്‍ എനിക്ക് യാതൊരു സംശയവുമില്ല"- ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.
ഗുജറാത്ത് ടീമിന്‍റെ ക്യാപ്റ്റനായിരുന്ന ഹാര്‍ദിക്കിനെ ട്രേഡിലൂടെയാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ഇതിന് പിന്നാലെ "നിശബ്‌ദതയാണ് ചിലപ്പോൾ ഏറ്റവും നല്ല ഉത്തരം" എന്നായിരുന്നു മുംബൈയുടെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിട്ടത്. പിന്നീട് ക്യാപ്റ്റന്‍സിയില്‍ നിന്നും രോഹിത് ശര്‍മയെ മാറ്റി ഹാര്‍ക്കിന് ചുമതല നല്‍കിയ ഫ്രാഞ്ചൈസിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്‍റെ എക്‌സ് പോസ്റ്റും ശ്രദ്ധേയമായിരുന്നു.
'ഹൃദയം തകർന്നത്' കാണിക്കുന്ന ഇമോജിയായിരുന്നു സൂര്യകുമാര്‍ യാദവ് പോസ്റ്റ് ചെയ്‌തത്. വിഷയത്തില്‍ രോഹിത് ശര്‍മ മൗനം വെടിഞ്ഞിട്ടില്ല. എന്നാല്‍ ക്യാപ്റ്റന്‍സി മാറ്റത്തെ ന്യായീകരിച്ച് മുംബൈ പരിശീകന്‍ മാര്‍ക്ക് ബൗച്ചര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനെതിരെ രോഹിത്തിന്‍റെ ഭാര്യ റിതിക രംഗത്ത് എത്തിയിരുന്നു. നായക സ്ഥാനത്ത് നിന്നും മാറ്റിയത് രോഹിത്തിന്‍റെ സമ്മര്‍ദം കുറയ്‌ക്കുമെന്നുള്‍പ്പെടെയായിരുന്നു മാര്‍ക്ക് ബൗച്ചര്‍ തന്‍റെ ഇന്‍റര്‍വ്യൂവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ബൗച്ചറുടെ വാക്കുകള്‍ പലതും സത്യമല്ലെന്ന് റിതിക തുറന്നടിക്കുകയായിരുന്നു.
ധോണി കളിക്കും: ഐപിഎൽ 2024 ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ (MS Dhoni) അവസാന സീസണായിരിക്കില്ലെന്നും ഇര്‍ഫാന്‍ പഠാന്‍ അഭിപ്രായപ്പെട്ടു. "ധോണി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ക്യാപ്റ്റനാണ്. അദ്ദേഹം മറ്റുള്ളവര്‍ക്ക് പ്രചോദനമാണ്. അദ്ദേഹത്തിന്‍റെ മനസ് ഒരു കമ്പ്യൂട്ടർ പോലെയാണ് പ്രവർത്തിക്കുന്നത്.
ഐപിഎൽ ഫ്രാഞ്ചൈസിക്ക് മാത്രമല്ല, രാജ്യത്തിനായും അദ്ദേഹം ഏറെ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. തീര്‍ച്ചയായും ഐപിഎല്ലില്‍ ഇതദ്ദേഹത്തിന്‍റെ അവസാന സീസണല്ലെന്ന് തന്നെ ഞാന്‍ പറയും. കാരണം, കഴിയുന്നിടത്തോളം കാലം ധോണി കളിക്കണമെന്ന് അദ്ദേഹത്തിന്‍റെ ആരാധകർ ആഗ്രഹിക്കുന്നത്.
ALSO READ: 'അർഥശൂന്യവും അസത്യവും' ; ഭാര്യ റിവാബയ്‌ക്കെതിരായ പിതാവിന്‍റെ പരാമര്‍ശങ്ങളില്‍ പൊട്ടിത്തെറിച്ച് രവീന്ദ്ര ജഡേജ
എല്ലാ നല്ല കാര്യങ്ങളും ഒരു ദിവസം അവസാനിക്കുന്നത് പോലെ, അത് ഭാവിയിൽ സംഭവിക്കാം. എന്നാല്‍ കളിക്കുന്നത് മതിയാക്കിയാലും അദ്ദേഹം ചെന്നൈയുടെ ഭാഗമായി ഉണ്ടാവുമെന്ന് എനിക്ക് ഉറപ്പാണ്"- ഇര്‍ഫാന്‍ പഠാന്‍ കൂട്ടിച്ചേര്‍ത്തു.