ജയ്‌പൂർ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാലാം വിജയവുമായി രാജസ്ഥാന്‍ റോയല്‍സ്. തുടര്‍ തോല്‍വികള്‍ക്ക് അറുതി തേടി ജയ്‌പൂരിലേക്കെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറ് വിക്കറ്റുകള്‍ക്കാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി ഉയര്‍ത്തിയ 183 റണ്‍സിന്‍റെ ലക്ഷ്യം ജോഷ് ബട്‍ലർ, സഞ്ജു സാംസണ്‍ വെടിക്കെട്ടില്‍ വെറും നാല് വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്തി രാജസ്ഥാന്‍ നേടിയെടുക്കുകയായിരുന്നു. സ്‌കോര്‍: ആര്‍സിബി 183/3 (20) രാജസ്ഥാന്‍ 189/9 (19.1).
ബട്‍ലർ 58 പന്തില്‍ 100 റണ്‍സ് നേടി പുറത്താവാതെ നിന്നപ്പോള്‍ 42 പന്തുകളില്‍ നിന്നും 69 റണ്‍സായിരുന്നു സഞ്‌ജുവിന്‍റെ സമ്പാദ്യം. ലക്ഷ്യം പിന്തുടരാനിറങ്ങിയ രാജസ്ഥാന് അക്കൗണ്ട് തുറക്ക് മുമ്പ് യശസ്വി ജയ്‌സ്വാളിനെ (2 പന്തില്‍ 0) നഷ്‌ടമായി. റീസ് ടോപ്‌ലിയുടെ പന്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലായിരുന്നു യശസ്വിയെ പിടികൂടിയത്.
എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച സഞ്‌ജു-ബട്‌ലര്‍ സഖ്യം മികച്ച രീതിയില്‍ കളിച്ചു. സഞ്ജു 33 പന്തുകളിലും ബട്‌ലർ 30 പന്തുകളിലും അർധ സെഞ്ചുറിയിലേക്ക് എത്തി. ടീം സ്‌കോര്‍ 148 റണ്‍സില്‍ നില്‍ക്കെ 15-ാം ഓവറിന്‍റെ അഞ്ചാം പന്തിലാണ് ഇരുവരെയും പിരിക്കാന്‍ ആര്‍സിബിക്ക് കഴിഞ്ഞത്. സിറാജിനെ സിക്‌സറിന് പറത്താനുള്ള സഞ്‌ജുവിന്‍റെ ശ്രമം യഷ് ദയാലിന്‍റെ കൈകളില്‍ അവസാനിച്ചു.