ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL 2024) ക്യാപ്റ്റന്‍റെ ഇന്നിങ്‌സുമായി സഞ്‌ജു സാംസണ്‍ (Sanju Samson) കളം നിറഞ്ഞ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ (Lucknow Super Giants) മികച്ച സ്‌കോര്‍ നേടി രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals). നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തില്‍ 193 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെ പിങ്ക് കടലിനെ സാക്ഷിയാക്കി 52 പന്തില്‍ പുറത്താവാതെ 82 റണ്‍സാണ് സഞ്‌ജു അടിച്ച് കൂട്ടിയത്.
മൂന്ന് ബൗണ്ടറികളും ആറ് സിക്‌സറുകളും രാജസ്ഥാന്‍ നായകന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സിന് അകടമ്പടിയായി. ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാന്‍റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. തകര്‍പ്പനടിക്കാരായ ജോസ് ബട്‌ലറേയും യശസ്വി ജയ്‌സ്വാളിനേയും വേഗം തന്നെ പിടിച്ചുകെട്ടാന്‍ ലഖ്‌നൗ ബോളര്‍മാര്‍ക്ക് കഴിഞ്ഞു.
9 പന്തില്‍ 11 റണ്‍സെടുത്ത ബട്‌ലറുടെ വിക്കറ്റാണ് രാജസ്ഥാന് ആദ്യം നഷ്‌ടമാവുന്നത്. നവീന്‍ ഉള്‍ ഹഖിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലാണ് ബട്‌ലറെ പിടികൂടിയത്. പതിഞ്ഞ താളത്തില്‍ തുടങ്ങി സഞ്‌ജുവിനൊപ്പം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ യശസ്വിയും മടങ്ങി. 12 പന്തില്‍ 24 റണ്‍സെടുത്ത താരത്തെ മുഹ്‌സിന്‍ ഖാനാണ് വീഴ്‌ത്തിയത്.
പുള്‍ ഷോട്ടിനുള്ള യശസ്വിയുടെ ശ്രമം പാളിയതോടെ മിഡ് ഓഫില്‍ ക്രുണാല്‍ പാണ്ഡ്യക്ക് ക്യാച്ച്. തുടര്‍ന്നെത്തിയ റിയാന്‍ പരാഗും സഞ്‌ജുവും ചേര്‍ന്ന് ലഖ്‌നൗ ബോളര്‍മാരെ മികച്ച രീതിയിലാണ് നേരിട്ടത്. ഇരുവരും പതിഞ്ഞും തെളിഞ്ഞും ആക്രമിച്ചതോടെ രാജസ്ഥാന്‍റെ സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് ഒഴുകി. നവീന്‍റെ പന്തില്‍ റിയാന്‍ പരാഗിന് പിഴച്ചതോടെയാണ് 93 റണ്‍സിലെത്തിയ കൂട്ടുകെട്ട് പൊളിയുന്നത്.
29 പന്തുകളില്‍ ഒരു ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതം 43 റണ്‍സായിരുന്നു താരം നേടിയത്. ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ക്ക് (7 പന്തില്‍ 5) പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അവസാന ഓവറുകളില്‍ സഞ്‌ജുവും ധ്രുവ് ജുറെലും (12 പന്തില്‍ 20*) ആക്രമിച്ചത് രാജസ്ഥാന് ഗുണം ചെയ്‌തു. ലഖ്‌നൗവിനായി നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.