മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ വമ്പന്‍ വിജയം സ്വന്തമാക്കാന്‍ മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 196 റണ്‍സായിരുന്നു നേടിയിരുന്നത്. മറുപടിക്ക് ഇറങ്ങിയ മുംബൈ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. 27 പന്തുകള്‍ ബാക്കി നിര്‍ത്തിയായിരുന്നു മുംബൈയുടെ മിന്നും വിജയം.
ഐപിഎല്‍ ചരിത്രത്തില്‍ തന്നെ 190 റണ്‍സോ അതിന് മുകളിലോ ഉള്ള ലക്ഷ്യം പിന്തുടര്ന്ന് വിജയിക്കുമ്പോള്‍ ഏറ്റവും കൂടതല്‍ പന്തുകള്‍ ബാക്കി നിര്‍ത്തിയ റെക്കോഡില്‍ ആദ്യ നാല് സ്ഥാനവും നിലവില്‍ മുംബൈ ഇന്ത്യന്‍സിന് മാത്രം സ്വന്തമാണ്. 2014-ല്‍ വാങ്കഡെയില്‍ രാജസ്ഥാന് റോയല്‍സ് ഉയര്‍ത്തിയ 190 റണ്‍സിന്റെ ലക്ഷ്യം 32 പന്തുകള്‍ ബാക്കി നിര്‍ത്തിയായിരുന്നു മുംബൈ ഇന്ത്യന്‍സ് അടിച്ചെടുത്തത്. റെക്കോഡ് പട്ടികയില്‍ മുംബൈയുടെ ഈ നേട്ടമാണ് തലപ്പത്തുള്ളത്.
2017-ല്‍ ഇന്‍ഡോറില്‍ പഞ്ചാബ് കിങ്സ് ഉയര്‍ത്തിയ 199 റണ്‍സിന്റെ ലക്ഷ്യം 27 പന്തുകള്‍ ബാക്കിയാക്കിയായിരുന്നു മുംബൈ നേടിയത്. ഇതിന് പിന്നിലാണ് വാങ്കഡെയില്‍ ബെംഗളൂവിനെതിരായ ഇന്നലത്തെ വിജയം ഇടം നേടിയിരിക്കുന്നത്. 2023-ല്‍ വാങ്കഡെയില്‍ തന്നെ ബെംഗളൂരു ഉയര്‍ത്തിയ 200 റണ്‍സ് ലക്ഷ്യം 21 പന്തുകള്‍ ബാക്കി നില്‍ക്കെ മുംബൈ മറികടന്നിരുന്നു.