അഹമ്മദാബാദ്:അഹമ്മദാബാദ്: ഓൾ റൌണ്ട് മികവിൽ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ഈ സീസണിലെ ആദ്യ ജയം.തുടർച്ചെ രണ്ടു വർഷം ഗുജറാത്തിനെ നയിച്ച ശേഷം കൂടുമാറി ഇത്തവണ മുംബൈ ഇന്ത്യൻസിൻ്റെ നായകനായ ഹാർദിക് പാണ്ഡ്യക്ക് ഇത് തിരിച്ചടിയുടെ ദിനമായിരുന്നു.അവസാന അഞ്ച് ഓവറുകളിൽ ഗുജറാത്ത് ടൈറ്റൻസ് ബൌളർമാർ കണിശമായി പന്തെറിഞ്ഞതാണ് മുംബൈ ഇന്ത്യൻസിന് വിജയം നിഷേധിച്ചത്.
ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഫീൽഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനൊപ്പം ചേർന്ന വൃദ്ധിമാൻ സാഹ ഗുജറാത്ത് ടൈറ്റൻസിന് മികച്ച തുടക്കം നൽകി. ഓപ്പണർമാർ ബൌണ്ടറികളുമായി കളം പിടിക്കുന്നതിനിടെ 15 പന്തിൽ 19 റൺസെടുത്ത് സാഹ പുറത്തായി. പിന്നാലെ വന്ന സായി സുദർശൻ ഗില്ലിനൊപ്പം ചേർന്ന് സ്കോറിങ്ങ് വേഗം കൂട്ടി.39 പന്തിൽ 45 റൺസടിച്ച സായി സുദർശനായിരുന്നു ടൈറ്റൻസിൻ്റെ ടോപ്പ് സ്കോറർ.അസ്മത്തുള്ള ഒമർസായ് പതിനേഴും ഡേവിഡ് മില്ലർ പന്ത്രണ്ടും റൺസ് സംഭാവന ചെയ്തു. ശുഭമാൻ ഗിൽ 22 പന്തിൽ നിന്ന് 31 റൺസ് നേടി. വാലറ്റത്ത് രാഹുൽ ടെവാട്ടിയ 15 പന്തിൽ നേടിയ 22 റൺസാണ് ഗുജറാത്ത് ടൈറ്റൻസിനെ ആറിന് 168 എന്ന ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.