ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ വമ്പന്‍ വിജയ ലക്ഷ്യമുയര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. തട്ടകമായ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 257 റണ്‍സാണ് നേടിയത്. ജേക്ക് ഫ്രേസര്‍-മക്‌ഗുര്‍ക്ക് തുടങ്ങിവച്ച വെടിക്കെട്ട് ഷായ് ഹോപ്പും ട്രിസ്റ്റന്‍ സ്റ്റബ്‌സും ഏറ്റുപിടിച്ചതോടെയാണ് ടീം മികച്ച നിലയിലേക്ക് എത്തിയത്.
27 പന്തില്‍ 84 റണ്‍സടിച്ച ജേക്ക് ഫ്രേസര്‍-മക്‌ഗുര്‍ക്ക് ഡല്‍ഹിയുടെ ടോപ് സ്‌കോററായി. ഓപ്പണര്‍മാരായ ജേക്ക് ഫ്രേസര്‍-മക്‌ഗുര്‍ക്കും അഭിഷേക് പോറലും ചേര്‍ന്ന് മിന്നും തുടക്കമായിരുന്നു ഡല്‍ഹിക്ക് സമ്മാനിച്ചത്. ലൂക്ക് വുഡ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 19 റണ്‍സടിച്ച മക്‌ഗുര്‍ക്ക് നയം വ്യക്തമാക്കി. തുടര്‍ന്ന് പന്തെറിഞ്ഞ ജസ്‌പ്രീത് ബുംറയ്‌ക്കും നുവാന്‍ തുഷാരയ്‌ക്കും രക്ഷയുണ്ടായില്ല.
ഇരുവരും 18 റണ്‍സ് വീതമായിരുന്നു വഴങ്ങിയത്. 22-കാരനായ മക്‌ഗുര്‍ക്ക് ഒരറ്റത്ത് കത്തിപ്പടര്‍ന്നപ്പോള്‍ പോറല്‍ പിന്തുണ നല്‍കി. ഇതോടെ ഡല്‍ഹി സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്‍സൊഴുകി. പവര്‍പ്ലേ പിന്നിടുമ്പോള്‍ 92 റണ്‍സായിരുന്നു ഡല്‍ഹിക്ക് നേടാന്‍ കഴിഞ്ഞത്.
പിന്നീടും മക്‌ഗുര്‍ക്ക് അടി തുടര്‍ന്നതോടെ മുംബൈ ബോളര്‍മാര്‍ വലഞ്ഞു. ഒടുവില്‍ പിയൂഷ് ചൗളയാണ് സന്ദര്‍ശകര്‍ക്ക് ഏറെ കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. ചൗളയെ സിക്‌സറിന് പറത്താനുള്ള മക്‌ഗുര്‍ക്കിന്‍റെ ശ്രമം ബൗണ്ടറി ലൈനില്‍ മുഹമ്മദ് നബിയുടെ കയ്യില്‍ അവസാനിച്ചു. 11 ബൗണ്ടറികളും ആറ് സിക്‌സറും നേടിയായിരുന്നു മക്‌ഗുര്‍ക്ക് മടങ്ങിയത്. പിന്നാലെ അഭിഷേക് പോറലും (27 പന്തില്‍ 36) തിരിച്ച് കയറി.
ALSO READ: 'ഹാർദിക്കിന് 'സൂപ്പർ സ്റ്റാർ' ട്രീറ്റ്‌മെന്‍റ് നൽകരുത്; ബിസിസിഐ ആ പരിപാടി നിര്‍ത്തണം' - Irfan Pathan On Hardik Pandya
തുടര്‍ന്ന് ഒന്നിച്ച ഷായ് ഹോപ്പും റിഷഭ് പന്തും ചേര്‍ന്ന് 53 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. ഷായ് ഹോപ്പിനെ (17 പന്തില്‍ 41) പിടിച്ച് കെട്ടിയ ലൂക്ക് വുഡാണ് കൂട്ടുകെട്ട് പൊളിക്കുന്നത്. അഞ്ച് സിക്‌സറുകള്‍ നേടിയായിരുന്നു ഷായ് ഹോപ്പ് മടങ്ങിയത്. ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്തിന് വനമ്പനടികള്‍ നടത്താന്‍ കഴിഞ്ഞില്ല.
19 പന്തില്‍ 29 റണ്‍സെടുത്ത പന്തിനെ ബുംറ വീഴ്‌ത്തി. എന്നാല്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ് നടത്തിയ വെടിക്കെട്ട് ഡല്‍ഹിക്ക് ഏറെ നിര്‍ണായകമായി. 25 പന്തില്‍ 48 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്‌സിനൊപ്പം 6 പന്തില്‍ 11 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലും പുറത്താവാതെ നിന്നു.