ചെന്നൈ: ഐപിഎൽ ഏഴാം മൽസരത്തിൽ ചെന്നൈ സൂപ്പർ കിങ്ങ്സിന് 63 റൺസിൻ്റെ ആധികാരിക ജയം.ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭമാൻ ഗിൽ ചെന്നൈ സൂപ്പർകിങ്ങ്സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.മഞ്ഞയിലാറാടിയ ചെപ്പോക്ക് സ്റ്റേഡിയത്തിൽ റിതുരാജ് ഗെയ്ക്ക്വാദും രചിൻ രവീന്ദ്രയും ചേർന്നാണ് സി എസ്കെയുടെ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്തത്.
അസ്മത്തുള്ള ഒമർസായിയുടെ ഗംഭീര സ്പെല്ലോടെ ഗുജറാത്തും കളിയിൽ പിടി മുറുക്കി.ആദ്യ ഓവറിൽ വെറും 2 റൺസ് മാത്രം വിട്ടു നൽകിയ അഫ്ഘാൻ ഓൾ റൌണ്ടർക്ക് നിർഭാഗ്യം കൊണ്ടു മാത്രമാണ് സി എസ്കെ നായകൻ്റെ വിക്കറ്റ് നഷ്ടമായത്. റിതുരാജ് ഗെയ്ക്ക്വാദ് എഡ്ജ് ചെയ്ത പന്ത് ഒന്നാം സ്ലിപ്പിൽ സായി കിഷോർ കളഞ്ഞു കുളിച്ചു. ഉമേഷ് യാദവിൻ്റെ അടുത്ത ഓവറിൽ രചിൻ രവീന്ദ്ര ബാക്ക് വേഡ് സ്ക്വയർലെഗിനു മുകളിലൂടെ സിക്സർ പറത്തി. പിന്നീടങ്ങോട്ട് റിതുരാജ് ഗെയ്ക്ക് വാദും രചിൻ രവീന്ദ്രയും ചേർന്ന് ഗുജറാത്ത് ബൌളർമാരെ പഞ്ഞിക്കിടുന്നതാണ് കണ്ടത്.
20 പന്തിൽ നിന്ന് 46 റൺസടിച്ച രചിൻ രവീന്ദ്രയായിരുന്നു സ്കോറിങ്ങിൽ മുമ്പൻ. 6 ഫോറും മൂന്ന് സിക്സറുകളും പറത്തിയാണ് രചിൻ രവീന്ദ്ര ക്രീസ് വിട്ടത്. റഷീദ് ഘാനെതിരെ സ്റ്റെപ്പൌട്ട് ചെയ്ത് കളിക്കാൻ ശ്രമിച്ച രചിനെ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ സ്റ്റംമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.അചിങ്ക്യ രഹാനെ എത്തിയതോടെ റൺ റേറ്റ് അൽപ്പമൊന്നിടിഞ്ഞു. 12 പന്തിൽ നിന്ന് 12 റൺസും നേടി രഹാനെ മടങ്ങി.സായി കിഷോറിൻ്റെ പന്തിൽ വീണ്ടും വൃദ്ധിമാൻ സാഹയുടെ ഒന്നാന്തരം സ്റ്റംമ്പിങ്ങ്.ഏറെ വൈകാതെ ക്യാപ്റ്റൻ റിതുരാജ് ഗെയ്ക്ക് വാദും മടങ്ങി. ഒരു സിക്സും 5 ഫോറുമടക്കം 36 പന്തിൽ നിന്ന് 46 റൺസ് കണ്ടെത്തിയ റിതുരാജ് സ്പെൻസർജോൺസൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.