ഹൈദരാബാദ്:ഇംഗ്ലണ്ടിന് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ഹൈദരാബാദ് ടെസ്്റ്റിന്‍റെ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യയ്ക്ക് 175 റൺസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുണ്ട്. ഒന്നാം ദിനം ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 119 റൺസ് എന്ന നിലയില്‍ കളിയവസാനിപ്പിച്ച ഇന്ത്യ രണ്ടാം ദിനം കരുതലോടെയാണ് തുടങ്ങിയത്. തുടക്കം മുതല്‍ സ്‌പിന്നർമാരെ ഉപയോഗിച്ച് ഇന്ത്യയെ വരിഞ്ഞുമുറുക്കാനുള്ള ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്‌സിന്‍റെ ശ്രമം ഫലവത്തായില്ല എന്ന് വേണം സ്‌കോർബോർഡില്‍ നിന്ന് മനസിലാക്കാൻ. കെഎല്‍ രാഹുലും ജഡേജയും അടക്കമുള്ളവർ കരുതലോടെയും സ്വാതന്ത്ര്യത്തോടെയും ബാറ്റ് വീശിയപ്പോൾ ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങി.
ഇന്ത്യയ്ക്ക് രണ്ടാം ദിനം ആരംഭിച്ചപ്പോൾ തന്നെ ഓപ്പണർ യശസ്വി ജയ്സ്‌വാളിനെ നഷ്‌ടമായിരുന്നു. 74 പന്തില്‍ 80 റൺസെടുത്ത ജയ്‌സ്‌വാളിനെ ജോ റൂട്ടാണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ ശുഭ്‌മാൻ ഗില്ലും പുറത്തായി. 23 റൺസാണ് ഗില്‍ നേടിയത്. എന്നാല്‍ അതിനു ശേഷം ഒന്നിച്ച കെഎല്‍ രാഹുലും ശ്രേയസ് അയ്യരും ചേർന്നാണ് ഇന്ത്യൻ സ്കോർ ബോർഡ് ചലിപ്പിച്ചത്. അയ്യർ 35 റൺസ് എടുത്ത് പുറത്തായപ്പോൾ പിന്നീട് എത്തിയ രവി ജഡേജ രാഹുലിന് മികച്ച പിന്തുണ നല്‍കി.