മെക്‌സിക്കോ:മെക്‌സിക്കോയിൽ നടന്ന ലോകകപ്പ് അമ്പെയ്ത്ത് ഫൈനലിലെ വനിതാ റികർവ് ഇനത്തിൽ ഇന്ത്യയുടെ ദീപിക കുമാരി വെള്ളി മെഡൽ നേടി. പാരീസ് ഒളിമ്പിക്‌സ് താരമായ ദീപിക ഫൈനല്‍ മത്സരത്തില്‍ ചൈനയുടെ ലി ജിയാമാനെതിരെയാണ് തോൽവി സമ്മതിച്ചത്. ജിയാമാൻ പാരീസ് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ചൈനീസ് ടീമിന്‍റെ ഭാഗമായിരുന്നു .
ക്വാർട്ടർ ഫൈനലിൽ യാങ് സിയാവോലിക്കെതിരേ നേരിട്ടുള്ള സെറ്റുകൾക്ക് 6-0 ന് ജയം ഉറപ്പിച്ചാണ് ദീപിക തന്‍റെ പ്രകടനം ആരംഭിച്ചത്. സെമിയില്‍ ടോക്കിയോ ഒളിമ്പിക്‌സ് മിക്‌സഡ് ടീം വെങ്കല മെഡൽ ജേതാവും പാരീസിൽ വനിതാ ടീം വെങ്കല മെഡൽ ജേതാവുമായ മെക്‌സിക്കോയുടെ അലജാന്ദ്ര വലൻസിയയ്‌ക്കെതിരെ 6-4 ന് ജയിച്ചാണ് ദീപിക ഫൈനലിലേക്ക് യോഗ്യത നേടിയത്.
ടൂർണമെന്‍റിൽ ഇതുവരെ അഞ്ച് വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ ആറ് മെഡലുകൾ നേടിയതിന്‍റെ മികച്ച റെക്കോർഡാണ് ദീപികയുടെ പേരിലുള്ളത്. 2011, 2012, 2013, 2015, 2024 വർഷങ്ങളിൽ ടൂർണമെന്‍റിൽ റണ്ണറപ്പായിരുന്നു. 2018ൽ താരം വെങ്കല മെഡൽ നേടി.