ന്യൂഡൽഹി:എക്കാലത്തെയും ഇന്ത്യൻ ഇലവനിൽ നിന്ന് ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണിയെ ഒഴിവാക്കിയതില്‍ ആരാധകരോട് മാപ്പ് പറഞ്ഞ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റര്‍ ദിനേഷ് കാർത്തിക്. കാർത്തിക് തന്‍റെ എക്കാലത്തെയും ഇന്ത്യ ഇലവനെ തെരഞ്ഞെടുത്തിരുന്നു. എന്നാൽ എം.എസ് ധോണിയുടെ പേര് ടീമിലുണ്ടായിരുന്നില്ല. ധോണിയെ ടീമിൽ ഉൾപ്പെടുത്താത്തതിന്‍റെ പേരിൽ താരത്തിന് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നു. ഡികെ തീരുമാനത്തിൽ ആരാധകർ അമ്പരന്നിരുന്നു.
മുൻ ക്യാപ്റ്റനെ ഒഴിവാക്കിയതില്‍ സംഭവിച്ചതെന്തെന്ന് ക്രിക്ക്ബസുമായുള്ള തന്‍റെ ഷോയിൽ ആരാധകരുടെ ചോദ്യോത്തര സെഷനിൽ കാർത്തിക് വിശദീകരിച്ചു. ഒരു വലിയ തെറ്റ് സംഭവിച്ചു. ശരിക്കും ഇതൊരു തെറ്റായിരുന്നു. എനിക്ക് അത് മനസിലായി. ഈ 11നെ തിരഞ്ഞെടുത്തപ്പോൾ വിക്കറ്റ് കീപ്പറെ ഞാൻ മറന്നു പോകുന്ന തരത്തിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു.
ഭാഗ്യവശാല്‍ രാഹുല്‍ ദ്രാവിഡ് അവിടെ ഉണ്ടായിരുന്നു. അദ്ദേഹം ഒരു പാര്‍ട്ട് ടൈം വിക്കറ്റ് കീപ്പര്‍ കൂടിയാണല്ലൊ. എന്നാല്‍ ആ ചിന്ത ടീം ഇടുന്ന സമയത്ത് എനിക്കില്ലായിരുന്നു.ഇതൊരു വലിയ തെറ്റാണ്.ധോണി ഏത് ഫോർമാറ്റിലും പകരം വയ്ക്കാനില്ലാത്ത താരവും എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളുമാണെന്ന് ഡികെ പറഞ്ഞു. എനിക്ക് ആ ടീമിൽ വീണ്ടും മാറ്റങ്ങൾ വരുത്തേണ്ടി വന്നാൽ, ഞാൻ ഒരു മാറ്റം വരുത്തും, ധോണിയെ ഏഴാം നമ്പറിൽ നിലനിർത്തും, അദ്ദേഹം ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനായിരിക്കുമെന്നും ദിനേഷ് വ്യക്തമാക്കി.
ദിനേഷ് കാർത്തിക്കിന്‍റെ എക്കാലത്തെയും മികച്ച ഇന്ത്യൻ ഇലവന്‍: വീരേന്ദർ സെവാഗ്, രോഹിത് ശർമ്മ, രാഹുൽ ദ്രാവിഡ്, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോലി, യുവരാജ് സിംഗ്, രവീന്ദ്ര ജഡേജ, അനിൽ കുംബ്ലെ, ആർ അശ്വിൻ, സഹീർ ഖാൻ, ജസ്പ്രീത് ബുംറ, 12-ാം താരം: ഹർഭജൻ സിംഗ്.
Also Read:ഡബിൾ സെഞ്ച്വറി നഷ്‌ടമായി, ബാബറിന് നേരെ ബാറ്റ് എറിഞ്ഞ് റിസ്വാൻ, വൈറലായി വീഡിയോ - PAK vs BAN