ന്യൂഡല്‍ഹി: ഹംഗറിയിലെ ബുഡാപെസ്റ്റ് ചെസ് ഒളിമ്പ്യാഡില്‍ ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ചരിത്രത്തിലാദ്യമായി സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. ആഘോഷത്തെ മനോഹരമാക്കി രോഹിത് ശര്‍മ- ലയണല്‍ മെസി സ്‌റ്റൈലില്‍ ഇന്ത്യന്‍ താരങ്ങള്‍. ടി20 ലോകകപ്പില്‍ രോഹിത് സഹതാരങ്ങള്‍ക്കിടയിലേക്ക് നടന്നടുക്കുന്നതിന് സമാനമായ രീതിയിലായിരുന്നു ചെസ് താരങ്ങളുടെയും ആഘോഷം.
വീഡിയോയില്‍ പോഡിയത്തിലേക്ക് ഇന്ത്യന്‍ പതാകയ്‌ക്ക് പിറകിലായി നില്‍ക്കുന്ന ചെസ് താരങ്ങളുടെ മുമ്പിലേക്ക് താനിയ സച്‌ദേവും ഡി.ഗുണേഷും ട്രോഫിയുമായി എത്തുകയാണ്. 2022 ലോകകപ്പില്‍ ലയണല്‍ മെസിയാണ് ആദ്യം ഈ സ്‌റ്റൈലില്‍ ആഘോഷിച്ചത്. പിന്നാലെ ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയും ഇത് അനുകരിക്കുകയായിരുന്നു. മുന്‍പ് ചെസ് രണ്ട് വിഭാഗങ്ങളിലും വെങ്കലം നേടിയതായിരുന്നു ഇന്ത്യയുടെ മികച്ച പ്രകടനം.
ചെസ് ഒളിമ്പ്യാഡിൽ രണ്ടാമത്തെ വ്യക്തിഗത സ്വർണ്ണ മെഡൽ നേടി ഡി.ഗുകേഷ് ചരിത്ര പുസ്‌തകത്തില്‍ പേര് രേഖപ്പെടുത്തി. പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പ്യാഡ് വിജയത്തിലേക്ക് ഗുകേഷിന്‍റെ പ്രകനടമാണ് നയിച്ചത്. താരം 10 മത്സരങ്ങളിൽ 9 എണ്ണം വിജയിക്കുകയും ഒന്ന് സമനില നേടുകയും ചെയ്‌തു.
11 മത്സരങ്ങളിൽ നിന്ന് 10 വിജയങ്ങളുമായി ബോർഡ് 3-ലെ മികച്ച പ്രകടനമായി ഇന്ത്യയുടെ അർജുൻ എറിഗൈസി തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്‍റിൽ രാജ്യത്തിനായി ഇരുവരും 22 ൽ 21 പോയിന്‍റുകൾ നേടാൻ സഹായിച്ചു. കൂടാതെ ഹരിക ദ്രോണവല്ലി, വൈശാലി രമേഷ്ബാബു, ദിവ്യ ദേശ്മുഖ്, വന്തിക അഗർവാൾ, ടാനിയ സച്ച്‌ദേവ്, അഭിജിത്ത് കുന്‍റെ എന്നിവർ ഉൾപ്പെട്ട വനിതാ ടീം ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യക്ക് സ്വർണം നേടി. 19 പോയിന്‍റുമായാണ് ഇന്ത്യയുടെ സുവർണ നേട്ടം.
Also Read:ഇത്തിഹാദിൽ ആഴ്‌സനലിനെ സമനിലയില്‍ കുരുക്കി മാഞ്ചസ്റ്റർ സിറ്റി - English Premier League