ഹൈദരാബാദ് :ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ഇന്ത്യ- പാകിസ്ഥാന്‍ (India vs Australia) മത്സരങ്ങള്‍ക്ക് ആവേശം ഏറെയാണ്. രാഷ്‌ട്രീയ കാരണങ്ങളാല്‍ ഉഭയകക്ഷി പരമ്പരകള്‍ കളിക്കാത്ത അയല്‍ക്കാര്‍ നിലവില്‍ ഐസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. ഇതോടെ ഓരോ ഇന്ത്യ- പാക് മത്സരങ്ങള്‍ നടക്കുമ്പോഴും കളിക്കളത്തിന് അകത്തുള്ളത് പോലെ തന്നെ പുറത്തും വീറും വാശിയും ഏറും.
ഇനി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലാണ് (T20 World Cup 2024) ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തുന്നത്. ജൂൺ 9-ന് ന്യൂയോർക്കിലാണ് ചിരവൈരികളുടെ പോര്. ഈ മത്സരത്തിനായുള്ള ടിക്കറ്റിന്‍റെ വിലയ്‌ക്ക് വിവിധ പ്ലാറ്റ്‌ഫോമുകളില്‍ റോക്കറ്റ് ഉയര്‍ച്ചയാണെന്നാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ഔദ്യോഗിക വിൽപ്പനയിൽ ആറ് ഡോളറാണ് (497 രൂപ) സാധാരണ ടിക്കറ്റുകള്‍ക്കുള്ള വില. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനുള്ള പ്രീമിയം സീറ്റുകൾക്കുള്ള ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് വില നികുതിയില്ലാതെ 400 ഡോളര്‍ (33148 രൂപ) ആയിരുന്നു. എന്നാല്‍ ടിക്കറ്റ് വാങ്ങുന്നവർക്കും റീസെല്ലർമാർക്കും വേണ്ടിയുള്ള സ്റ്റബ്ഹബ് ( StubHub), സീറ്റ് ഗീക്ക് ( SeatGeek) പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ, മത്സരത്തിന്‍റെ ടിക്കറ്റ് വില ലക്ഷങ്ങള്‍ പിന്നിട്ടതായാണ് റിപ്പോര്‍ട്ട്.
400 ഡോളര്‍ വിലയുള്ള ടിക്കറ്റുകള്‍ റീസെയിൽ പ്ലാറ്റ്‌ഫോമുകളില്‍ 40,000 ഡോളറിനാണ് (ഏകദേശം 33 ലക്ഷം രൂപ) ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. പ്ലാറ്റ്‌ഫോം ഫീസ് കൂടി ചേരുമ്പോള്‍ ഇത് 50,000 ഡോളറിലേക്ക് (ഏകദേശം 41 ലക്ഷം രൂപ) എത്തും. സീറ്റ് ഗീക്ക് പ്ലാറ്റ്‌ഫോമിൽ ഇന്ത്യ-പാക് പോരാട്ടത്തിനുള്ള ടിക്കറ്റ് 175,000 ഡോളറിന് (ഏകദേശം 1.4 കോടി രൂപ) വരെ ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. പ്ലാറ്റ്‌ഫോം ചാർജുകളും അധിക ഫീസും ചേർത്താൽ ഏകദേശം 1.86 കോടി രൂപയാവും ഇതോടെ ടിക്കറ്റ് നിരക്ക്.
ജൂണ്‍ ഒന്ന് മുതല്‍ 29 വരെ നടക്കുന്ന ടൂര്‍ണമെന്‍റിന് അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും സംയുക്തമായാണ് ആതിഥേയരാവുന്നത്. ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പടെ ആകെ 20 ടീമുകളാണ് ടി20 ലോകകപ്പിന് ഇറങ്ങുന്നത്. ഇവരെ അഞ്ച് വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രാഥമിക ഘട്ടം. തുടര്‍ന്ന് ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് സൂപ്പര്‍ എട്ടിലേക്ക് മുന്നേറാം. ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്ഥാനും മത്സരിക്കുന്നത്. അമേരിക്ക, അയര്‍ലന്‍ഡ്, കാനഡ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികള്‍.
ALSO READ:യാസീന് നല്‍കിയ ഉറപ്പ് പാലിച്ച് സഞ്‌ജു ; ഭിന്നശേഷിക്കാരനായ കുഞ്ഞ് ആരാധകനൊപ്പം ക്രിക്കറ്റ് കളിച്ച് ഇന്ത്യന്‍ താരം
അതേസമയം 10 വര്‍ഷത്തിലേറെ നീണ്ട ഐസിസി കിരീട വരള്‍ച്ചയാണ് ഇന്ത്യ ടി20 ലോകകപ്പില്‍ ലക്ഷ്യം വയ്‌ക്കുന്നത്. 2013-ല്‍ എംഎസ് ധോണിയുടെ നേതൃത്വത്തില്‍ നേടിയ ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് ശേഷം മറ്റൊരു ഐസിസി കിരീടം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല. രോഹിത് ശര്‍മയ്‌ക്ക് (Rohit Sharma) കീഴിലാണ് ടി20 ലോകകപ്പിലും ഇന്ത്യ കളിക്കുന്നത്.