ന്യൂയോര്‍ക്ക്:ജസ്‌പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്... കളം നിറഞ്ഞാടിയ ഈ ബൗളര്‍മാരുടെ കരുത്തില്‍ ടി20 ലോകകപ്പില്‍ പാകിസ്ഥാനെ വീണ്ടും തകര്‍ത്തിരിക്കുകയാണ് ടീം ഇന്ത്യ. നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആവേശം അവസാന ഓവറിലേക്ക് അണപൊട്ടിയൊഴുകിയ പോരാട്ടത്തില്‍ ആറ് റണ്‍സിനായിരുന്നു രോഹിത് ശര്‍മയുടെയും കൂട്ടരുടെയും ജയം. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ 19 ഓവറില്‍ 119 റണ്‍സില്‍ പുറത്തായി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ ബാറ്റര്‍മാരെ ഇന്ത്യൻ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ അവരുടെ പോരാട്ടം 113 റണ്‍സില്‍ അവസാനിച്ചു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തേക്ക്. രണ്ടാമത്തെ മത്സരവും തോറ്റത് പാകിസ്ഥാന്‍റെ സൂപ്പര്‍ 8 മോഹങ്ങള്‍ക്കും തിരിച്ചടി.
താരതമ്യേന ചെറിയൊരു വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍റെ ബാറ്റിങ് ഏറെ കരുതലോടെയായിരുന്നു. പവര്‍പ്ലേയില്‍ വിക്കറ്റ് കളയാതിരിക്കാൻ നായകൻ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനും ശ്രമിച്ചു. എന്നാല്‍, അഞ്ചാം ഓവര്‍ എറിഞ്ഞ ജസ്‌പ്രീത് ബുംറ ബാബറിനെ (10 പന്തില്‍ 13) തന്നെ വീഴ്‌ത്തിക്കൊണ്ട് പാകിസ്ഥാന് ആദ്യ പ്രഹരമേല്‍പ്പിച്ചു.
4.4 ഓവറില്‍ സ്കോര്‍ 26ല്‍ നില്‍ക്കെയായിരുന്നു ബാബര്‍ അസം പുറത്തായത്. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ ഉസ്‌മാൻ ഖാനെ കൂട്ടുപിടിച്ച് റിസ്‌വാൻ പാക് സ്കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്നാണ് പാകിസ്ഥാനെ 50 കടത്തിയത്.
പത്ത് ഓവര്‍ അവസാനിക്കുമ്പോള്‍ 57-1 എന്ന നിലയിലായിരുന്നു പാകിസ്ഥാൻ. 11-ാം ഓവര്‍ എറിയാനെത്തിയ അക്‌സര്‍ പട്ടേല്‍ ഉസ്‌മാൻ ഖാനെ (15 പന്തില്‍ 13) മടക്കി. പിന്നാലെ വന്ന ഫഖര്‍ സമാനും വമ്പൻ അടികളോടെ തുടങ്ങിയെങ്കിലും ക്രീസില്‍ അധികം ആയുസുണ്ടായിരുന്നില്ല. 8 പന്തില്‍ 13 റണ്‍സടിച്ച താരത്തെ 13-ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് കൂടാരം കയറ്റിയത്. ഇതോടെ, പാകിസ്ഥാനും സമ്മര്‍ദത്തിലായി.
അവസാന ആറ് ഓവറില്‍ 40 റണ്‍സ് മാത്രം സ്വന്തമാക്കിയാല്‍ പാകിസ്ഥാന് ജയിക്കാമെന്നതായിരുന്നു അവസ്ഥ. പാക് പ്രതീക്ഷകളുമായി ക്രീസില്‍ ഉണ്ടായിരുന്നത് മുഹമ്മദ് റിസ്‌വാൻ. ഈ സമയത്താണ് രണ്ടാം സ്പെല്ലിനായി സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് ഇന്ത്യൻ നായകൻ രോഹിത് ശര്‍മ പന്ത് ഏല്‍പ്പിക്കുന്നത്.