ന്യൂയോര്‍ക്ക് :ടി20 ലോകകപ്പില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരം ഇന്ന് നടക്കും. ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകുന്ന മത്സരം ഇന്ത്യൻ സമയം രാത്രി എട്ടിനാണ് തുടങ്ങുന്നത്. ടൂര്‍ണമെന്‍റില്‍ ജയം തുടരാൻ ഇന്ത്യ ഇറങ്ങുമ്പോള്‍ നിലനില്‍പ്പിനായി ജയം കണ്ടെത്താനാണ് ബാബര്‍ അസമിന്‍റെയും കൂട്ടരുടെയും വരവ്.
ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. പാകിസ്ഥാനെയും വീഴ്‌ത്തി സൂപ്പര്‍ 8 ലേക്കുള്ള യാത്ര എളുപ്പമാക്കുക എന്നതാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്‍റെയും ലക്ഷ്യം. മറുവശത്ത്, പാകിസ്ഥാന് ഇന്നത്തേത് ജീവൻമരണ പോരാട്ടമാണ്.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ കളിയില്‍ യുഎസ്‌എയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ പാകിസ്ഥാൻ നിലവില്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. സൂപ്പര്‍ എട്ട് പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ബാബറിനും കൂട്ടര്‍ക്കും ഇന്ന് ജയിച്ചേ മതിയാകൂ.
അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരം ഇന്ത്യ കളിച്ച അതേ ഗ്രൗണ്ടിലാണ് ഇന്ന് പാകിസ്ഥാനെതിരായ പോരാട്ടവും. ഇവിടെ നാല് മത്സരങ്ങള്‍ ഇതുവരെ നടന്നു. ഈ മത്സരങ്ങളില്‍ ഒന്നിലും ബാറ്റര്‍മാര്‍ക്ക് കാര്യമായ സ്വാധീനമുണ്ടാക്കാനായിരുന്നില്ല.
നാസോ സ്റ്റേഡിയത്തിലെ ഒന്നാം നമ്പര്‍ ഡ്രോപ് ഇൻ പിച്ചില്‍ ആദ്യം നടന്നത് ശ്രീലങ്ക - ദക്ഷിണാഫ്രിക്ക മത്സരമായിരുന്നു. ഈ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക 77 റണ്‍സില്‍ ഓള്‍ ഔട്ടായി. ഇന്ത്യയും അയര്‍ലന്‍ഡും തമ്മിലായിരുന്നു രണ്ടാമത്തെ മത്സരം.
നാലാം നമ്പര്‍ പിച്ചിലായിരുന്നു ഈ മത്സരം നടന്നത്. അപ്രതീക്ഷിത ബൗണ്‍സുകള്‍ കാരണം ഈ പിച്ചിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇവിടെ നടന്ന മൂന്നാം മത്സരത്തില്‍ കാനഡയാണ് ആദ്യമായി സ്കോര്‍ 100 കടത്തിയത്. അയര്‍ലന്‍ഡിനെതിരെ 137 റണ്‍സ് നേടിയ അവര്‍ 12 റണ്‍സിന് മത്സരം ജയിക്കുകയും ചെയ്‌തു.
ഇന്നലെ, ദക്ഷിണാഫ്രിക്ക - നെതര്‍ലന്‍ഡ്‌സ് മത്സരം നടന്നതും ഇതേ വേദിയില്‍. നെതര്‍ലൻഡ്‌സിനെ 103 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ദക്ഷിണാഫ്രിക്ക മത്സരത്തിന്‍റെ ഒരു ഘട്ടത്തില്‍ 12-4 എന്ന നിലയിലേക്ക് വീണ ശേഷമാണ് പിന്നീട് ഡേവിഡ് മില്ലറുടെ കരുത്തില്‍ നാല് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയത്. നാസോ ക്രിക്കറ്റ് ഗ്രൗണ്ടിലെ നാലാം നമ്പര്‍ പിച്ചിലോ രണ്ടാം നമ്പര്‍ പിച്ചിലോ ആയിരിക്കും ഇന്നത്തെ മത്സരം.
പേസര്‍മാരുടെ പ്രകടനം നിര്‍ണായകം :ഈ വേദിയില്‍ ഇതുവരെ നടന്ന മത്സരങ്ങളില്‍ ആധിപത്യം സ്ഥാപിച്ചത് പേസര്‍മാരാണ്. അതുകൊണ്ട് തന്നെ ഇന്ന് നടക്കുന്ന ഇന്ത്യ പാക് പോരാട്ടത്തിലും പേസര്‍മാരുടെ പ്രകടനം നിര്‍ണായകമാകും. ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്‌ദീപ് സിങ് എന്നിവര്‍ക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരുടെ സേവനങ്ങളും പ്രയോജനപ്പെടുത്താനാകും ടീം ഇന്ത്യയുടെ ശ്രമം. മറുവശത്ത്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ആമിര്‍ എന്നിവരിലാണ് പാക് പ്രതീക്ഷകള്‍.
ഇന്ത്യ സാധ്യത പ്ലേയിങ് ഇലവൻ :വിരാട് കോലി, രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ജസ്‌പ്രീത് ബുംറ, അര്‍ഷ്‌ദീപ് സിങ്, മുഹമ്മദ് സിറാജ്.
പാകിസ്ഥാൻ സാധ്യത പ്ലേയിങ് ഇലവൻ :ബാബര്‍ അസം (ക്യാപ്‌റ്റൻ), മുഹമ്മദ് റിസ്‌വാൻ (വിക്കറ്റ് കീപ്പര്‍), ഉസ്‌മാൻ ഖാൻ, ഫഖര്‍ സമാൻ, ഷദാബ് ഖാൻ, ഇഫ്‌തിഖര്‍ അഹമ്മദ്, ഇമാദ് വസീം, ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് ആമിര്‍.
Also Read :39ന് ഓള്‍ഔട്ട്...! ഉഗാണ്ടയെ എറിഞ്ഞിട്ട് വിന്‍ഡീസ്; ജയം 134 റണ്‍സിന് - West Indies vs Uganda Result