കേരളം

kerala

ETV Bharat / sports

തുറിച്ചുനോക്കി സിറാജ്, ചിരിച്ചുതള്ളി കോണ്‍വേ; പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടി ആര്‍സിബി സിഎസ്‌കെ ആരാധകര്‍

കോണ്‍വെയെ സിറാജ് സ്ലെഡ്‌ജ് ചെയ്യുന്നതിനിടെ ഗാലറിയില്‍ കേട്ടത് സിഎസ്‌കെ ആരവങ്ങളെന്ന് ഒരു കൂട്ടം ആരാധകര്‍. സിറാജിനെ പിന്തുണച്ച് 'ഡിഎസ്‌പി' ചാന്‍റുകളാണ് മുഴക്കിയതെന്ന വാദവുമായി മറ്റ് ചില ആരാധകരും രംഗത്ത്.

By ETV Bharat Kerala Team

Published : 5 hours ago

INDIA VS NEW ZEALAND  IND VS NZ SCORE  CSK CHANTS AT CHINNASWAMY  DSP CHANTS AT CHINNASWAMY
India vs New Zealand (IANS)

ബെംഗളൂരു:ഇന്ത്യ - ന്യൂസിലൻഡ് ഒന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനമായിരുന്നു ഇന്ന് (ഒക്‌ടോബര്‍ 17). ഒന്നാം ദിവസം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ച മത്സരത്തില്‍ ഇന്ന് ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 46 റണ്‍സില്‍ ഓള്‍ഔട്ടായിരുന്നു. രണ്ടാം സെഷന്‍റെ ആദ്യ മണിക്കൂറിലായിരുന്നു ഇന്ത്യൻ ഇന്നിങ്‌സ് അവസാനിച്ചത്.

ഇതിന് പിന്നാലെ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ന്യൂസിലൻഡ് മികച്ച രീതിയില്‍ തന്നെ സ്കോര്‍ കണ്ടെത്തി. അനായാസമായിരുന്നു ടീം ഇന്ന് ഇന്ത്യയ്‌ക്കെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡും സ്വന്തമാക്കിയത്.

ഇതിനിടെ ഇന്ത്യൻ പേസര്‍ മുഹമ്മദ് സിറാജ് കിവീസ് ബാറ്റര്‍ ഡെവോണ്‍ കോണ്‍വെയെ സ്ലെഡ്‌ജ് ചെയ്യാൻ ശ്രമിച്ചിരുന്നു. കിവീസ് ഇന്നിങ്‌സിന്‍റെ 15-ാം ഓവറിലായിരുന്നു സംഭവം. മുഹമ്മദ് സിറാജ് എറിഞ്ഞ ഓവറിലെ മൂന്നാം പന്തില്‍ കോണ്‍വെ ബൗണ്ടറിയടിച്ചിരുന്നു. തൊട്ടടുത്ത പന്ത് താരം ഡിഫൻഡ് ചെയ്‌തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇതിന് പിന്നാലെയാണ് കിവീസ് ബാറ്ററെ സ്ലെഡ്‌ജ് ചെയ്യാൻ സിറാജ് ശ്രമിച്ചത്. കോണ്‍വെയെ തുറിച്ച് നോക്കിയ ശേഷം ചില പദപ്രയോഗങ്ങള്‍ സിറാജ് നടത്തുകയും ചെയ്‌തു. സിറാജിന്‍റെ വാക്കുകള്‍ക്ക് ആദ്യം കോണ്‍വെ മറുപടി നല്‍കുന്നുണ്ട്. ഇതിന് പിന്നാലെ താരം സിറാജിനെ നോക്കി കണ്ണിറുക്കിക്കൊണ്ട് ചിരിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ഗാലറിയില്‍ നിന്നും സിറാജിനെ പിന്തുണച്ചുകൊണ്ട് 'ഡിഎസ്‌പി' ആരവങ്ങള്‍ ഉയര്‍ന്നു. ഇതിനിടെ ആരാധകരില്‍ ചിലര്‍ 'സിഎസ്‌കെ' ചാന്‍റുകളുയര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ താരമാണ് ഡെവോണ്‍ കോണ്‍വെ. സിറാജാകട്ടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെയും. കഴിഞ്ഞ സീസണിലെ നിര്‍ണായക മത്സരത്തില്‍ ചെന്നൈയെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ആര്‍സിബി പ്ലേ ഓഫിലേക്ക് കടന്നത്.

ഇതിന് പിന്നാലെ ഇരു ടീമിലെ ആരാധകരും പലപ്പോഴായി കൊമ്പുകോര്‍ത്തിട്ടുണ്ട്. ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കേട്ട ചാന്‍റുകളിലും സോഷ്യല്‍ മീഡിയയില്‍ ആര്‍സിബി-സിഎസ്‌കെ ആരാധകര്‍ തമ്മിലേറ്റുമുട്ടി തുടങ്ങിയിട്ടുണ്ട്. ഗാലറിയിലുണ്ടായിരുന്നവര്‍ 'ഡിഎസ്‌പി' എന്ന് ആര്‍പ്പുവിളിച്ചതിനെ 'സിഎസ്‌കെ' എന്നാക്കി മാറ്റാനാണ് ചെന്നൈ ആരാധകര്‍ ശ്രമിക്കുന്നതെന്നാണ് ഫാൻസ് പറയുന്നത്.

അതേസമയം, ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ 180-3 എന്ന നിലയിലാണ് ന്യൂസിലൻഡ്. ഒന്നാം ഇന്നിങ്‌സില്‍ 134 റണ്‍സിന്‍റെ ലീഡ് നിലവില്‍ അവര്‍ക്കുണ്ട്. ടോം ലാഥം (15), ഡെവോണ്‍ കോണ്‍വെ (91), വില്‍ യങ് (33) എന്നിവരുടെ വിക്കറ്റാണ് ന്യൂസിലൻഡിന് നഷ്‌ടമായത്. 22 റണ്‍സ് നേടിയ രചിൻ രവീന്ദ്രയും 14 റണ്‍സെടുത്ത ഡാരില്‍ മിച്ചലുമാണ് ക്രീസില്‍. സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുല്‍ദീപ് യാദവ് എന്നിവരാണ് ഇതുവരെയുള്ള മൂന്ന് വിക്കറ്റും നേടിയത്.

Also Read :ഒറ്റ ദിവസം കൊണ്ട് 400 അടിക്കുമെന്ന് പറഞ്ഞ ടീം 46ന് ഓള്‍ഔട്ട്; ഗംഭീറിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ABOUT THE AUTHOR

...view details