ബെംഗളൂരു: ചിന്നസ്വാമിയില്‍ ന്യൂസിലൻഡ് പേസര്‍മാര്‍ക്ക് മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് ഇന്ത്യ. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്‌ക്ക് ഒന്നാം ഇന്നിങ്‌സില്‍ നേടാനായത് വെറും 46 റണ്‍സ്. ഓവര്‍കാസ്റ്റ് കണ്ടീഷനില്‍ മാറ്റ് ഹെൻറി, വില്‍ ഓ റോര്‍ക്ക്, ടിം സൗത്തി എന്നിവര്‍ക്ക് മുന്നിലായിരുന്നു ഇന്ത്യൻ ബാറ്റര്‍മാര്‍ വീണത്.
20 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ന്യൂസിലൻഡിനായി മാറ്റ് ഹെൻറി അഞ്ച് വിക്കറ്റ് നേടി. വില്‍ ഓ റോര്‍ക്ക് നാല് വിക്കറ്റും ടിം സൗത്തി ഒരു വിക്കറ്റുമാണ് സ്വന്തമാക്കിയത്.
ബാറ്റിങ് തുടങ്ങി ഏഴാം ഓവറിലാണ് ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായത്. 16 പന്തില്‍ 2 റണ്‍സ് നേടിയ രോഹിത് ശര്‍മയായിരുന്നു ആദ്യം മടങ്ങിയത്. ന്യൂസിലൻഡിന്‍റെ വെറ്ററൻ പേസര്‍ ടിം സൗത്തിക്കെതിരെ വമ്പൻ ഷോട്ടിന് ശ്രമിച്ച രോഹിത് ക്ലീൻ ബൗള്‍ഡാകുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പിന്നാലെ മൂന്നാം നമ്പറില്‍ ഇറങ്ങിയ കോലിയ്‌ക്ക് 9 പന്ത് മാത്രമായിരുന്നു ആയുസ്. തൊട്ടടുത്ത ഓവറില്‍ അക്കൗണ്ട് തുറക്കും മുന്‍പ് സര്‍ഫറാസ് ഖാനെയും ഇന്ത്യയ്‌ക്ക് നഷ്‌ടമായി. ഇതോടെ, 9.4 ഓവറില്‍ 10-3 എന്ന നിലയിലേക്ക് ഇന്ത്യ വീണു.
പിന്നീട്, ക്രീസില്‍ ഒന്നിച്ച ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍ സഖ്യം പിടിച്ചുനില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തി. എന്നാല്‍, 21-ാം ഓവറില്‍ ജയ്‌സ്വാളിനെ മടക്കി വില്‍ വീണ്ടും ഇന്ത്യയെ പ്രതിരോധത്തിലാക്കി. 63 പന്ത് നേരിട്ട യശസ്വി ജയ്‌സ്വാള്‍ 13 റണ്‍സുമായാണ് പുറത്തായത്.
23-ാം ഓവറില്‍ കെഎല്‍ രാഹുലിനെയും (0), തൊട്ടടുത്ത ഓവറില്‍ രവീന്ദ്ര ജഡേജയേയും (0) ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെട്ടു. ഇതോടെ, 34-6 എന്ന നിലയിലാണ് മത്സരത്തിന്‍റെ രണ്ടാം ദിനം ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിഞ്ഞത്. മത്സരം പുനരാരംഭിച്ചതിന് പിന്നാലെയും തിരിച്ചുവരവ് നടത്താൻ ഇന്ത്യയ്‌ക്കായില്ല.
രണ്ടാം സെഷനിലെ ആദ്യ പന്തില്‍ റണ്‍സ് എടുക്കുന്നതിന് മുന്‍പ് അശ്വിനെയും ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെട്ടു. പിന്നാലെ 26-ാം ഓവറില്‍ റിഷഭ് പന്തും മടങ്ങി. തൊട്ടടുത്ത ഓവറില്‍ ജസ്‌പ്രീത് ബുംറയും (1) പുറത്തായി. അവസാന വിക്കറ്റില്‍ ടീം സ്കോര്‍ 50 എങ്കിലും കടത്താൻ കുല്‍ദീപ് യാദവ് (4) മുഹമ്മദ് സിറാജ് (2*) എന്നിവര്‍ ശ്രമിച്ചെങ്കിലും 32-ാം ഓവറിലെ രണ്ടാം പന്തില്‍ ഇന്ത്യൻ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു.
Also Read : 9 പന്തില്‍ ഡക്ക്, നാണക്കേടിന്‍റെ റെക്കോഡ് പട്ടികയില്‍ കോലി; ചിന്നസ്വാമിയില്‍ ഇന്ത്യയ്‌ക്ക് ബാറ്റിങ് തകര്‍ച്ച