റാഞ്ചി:ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തില്‍ ജയം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്ന് ഇറങ്ങും (India vs England 4th Test Day 4). മത്സരത്തില്‍ ഇന്നത്തേത് ഉള്‍പ്പടെ രണ്ട് ദിവസം ശേഷിക്കെ പത്ത് വിക്കറ്റ് കയ്യിലുള്ള ഇന്ത്യയ്‌ക്ക് ജയിക്കാൻ 152 റണ്‍സാണ് ആവശ്യം. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 40 റണ്‍സ് നേടിയിട്ടുണ്ട്.
ക്യാപ്‌റ്റൻ രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളുമാണ് ക്രീസില്‍. രണ്ടാം ഇന്നിങ്‌സില്‍ 27 പന്ത് നേരിട്ട രോഹിത് 24 റണ്‍സ് നേടിയിട്ടുണ്ട്. 21 പന്തില്‍ 16 റണ്‍സുമായാണ് ജയ്‌സ്വാള്‍ മത്സരത്തിന്‍റെ നാലാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിക്കുക.
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. റാഞ്ചിയില്‍ പുരോഗമിക്കുന്ന നാലാം മത്സരത്തിലും ജയിച്ചാല്‍ രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും പരമ്പര ഉറപ്പിക്കാം.
റാഞ്ചിയില്‍ ഒന്നാം ഇന്നിങ്‌സില്‍ 46 റണ്‍സ് ലീഡ് വഴങ്ങിയ ശേഷമാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നത്. ഇന്നലെ, ഇന്ത്യയെ 307 റണ്‍സില്‍ എറിഞ്ഞിട്ട ശേഷം രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ട് രവിചന്ദ്രൻ അശ്വിന്‍റെയും കുല്‍ദീപ് യാദവിന്‍റെയും സ്‌പിൻ കരുത്തിന് മുന്നില്‍ തകര്‍ന്ന് വീഴുകയായിരുന്നു.