ധര്‍മ്മശാല: ഇംഗ്ലണ്ടിന്‍റെ ബാസ്‌ബോളിനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ. അഞ്ച് മത്സര പരമ്പര 4-1ന് ആതിഥേയര്‍ക്ക് സ്വന്തം. ആദ്യ മത്സരത്തില്‍ ജയിച്ച ഇംഗ്ലണ്ടിന് തുടര്‍ന്ന് കളിച്ച അഞ്ച് ടെസ്റ്റുകളും പിടിച്ചായിരുന്നു ഇന്ത്യ മറുപടി നല്‍കിയത്. വിരാട് കോലി, കെഎല്‍ രാഹുല്‍ തുടങ്ങിയ പ്രധാന താരങ്ങളില്ലാതെ യുവനിരയുടെ കരുത്തിലാണ് ഇംഗ്ലണ്ടിനെ അടിയറവ് പറയിച്ചത്. യശസ്വി ജയ്‌സ്വാളാണ് പരമ്പരയുടെ താരം.
ധര്‍മ്മശാലയില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 64 റണ്‍സിനുമാണ് ഇന്ത്യ വിജയം നേടിയത്. ആദ്യ ഇന്നിങ്‌സില്‍ 259 റണ്‍സിന്‍റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ട് 195 റണ്‍സിന് പുറത്താവുകയായിരുന്നു. (India vs England 5th Test Highlights)
സ്‌കോര്‍: ഇംഗ്ലണ്ട് 218, 195- ഇന്ത്യ 477. അഞ്ച് വിക്കറ്റുമായി ആര്‍ അശ്വിനാണ് (R Ashwin) ഇംഗ്ലണ്ടിനെ പൊളിച്ചത്. അര്‍ധ സെഞ്ചുറി നേടിയ ജോ റൂട്ടിന് (Joe Root) മാത്രമാണ് അല്‍പമെങ്കിലും പൊരുതാന്‍ കഴിഞ്ഞത്. 128 പന്തില്‍ 84 റണ്‍സാണ് താരം നേടിയത്.
സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സുള്ളപ്പോള്‍ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്‌ടമായിരുന്നു. ബെന്‍ ഡക്കറ്റിനെ (2) അശ്വിന്‍ ബൗള്‍ഡാക്കി. പിന്നാലെ തന്നെ സാക്ക് ക്രവ്‌ലി (0), ഒല്ലി പോപ് (19) എന്നിവരേയും താരം തിരിച്ചയച്ചതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. തുടര്‍ന്ന് ഒന്നിച്ച ജോ റൂട്ട്- ജോണി ബെയര്‍സ്‌റ്റോ സഖ്യം ചെറുത്ത് നില്‍പ്പിന് ശ്രമിച്ചു.