കേരളം

kerala

ETV Bharat / sports

അടിച്ചുനിരത്താൻ ഇന്ത്യ, തിരിച്ചടിയ്‌ക്കാൻ ഇംഗ്ലണ്ട്; ധര്‍മ്മശാലയില്‍ ഇന്ന് രണ്ടാം ദിനം - India vs England

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം. രണ്ടാം ദിനത്തില്‍ 130-1 എന്ന നിലയില്‍ ഇന്ത്യ ബാറ്റിങ് പുനരാരംഭിക്കും. രോഹിത് ശര്‍മയും ശുഭ്‌മാൻ ഗില്ലും ക്രീസില്‍. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സ് സ്കോറിന് ഇന്ത്യ 83 റണ്‍സ് പിന്നില്‍.

India vs England  Dharamshala Test Day 2  Rohit Sharma and Shubman Gill  ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് India vs England 5th Test Match Day 2 Preview
India vs England

By ETV Bharat Kerala Team

Published : Mar 8, 2024, 6:59 AM IST

ധര്‍മ്മശാല :ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്‍റെ രണ്ടാം ദിനത്തില്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ ബാറ്റിങ് പുനരാരംഭിക്കും (India vs England 5th Test Day 2). ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 218നെതിരെ ബാറ്റ് ചെയ്യുന്ന ഇന്ത്യ നിലവില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 130 റണ്‍സ് നേടിയിട്ടുണ്ട്. 83 പന്തില്‍ 53 റണ്‍സുമായി ക്യാപ്‌റ്റൻ രോഹിത് ശര്‍മയും 39 പന്തില്‍ 26 റണ്‍സ് അടിച്ച ശുഭ്‌മാൻ ഗില്ലുമാണ് ക്രീസില്‍.

അര്‍ധസെഞ്ച്വറിയടിച്ച് മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്ക് മികച്ച തുടക്കം സമ്മാനിച്ച യശസ്വി ജയ്‌സ്വാളിനെയാണ് ടീമിന് ഒന്നാം ദിനത്തില്‍ നഷ്‌ടമായത്. 58 പന്തില്‍ 57 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. ഷൊയ്‌ബ് ബഷീറാണ് ജയ്‌സ്വാളിന്‍റെ വിക്കറ്റ് നേടിയത്.

ധര്‍മ്മശാലയില്‍ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 57.4 ഓവറിലാണ് 218 റണ്‍സില്‍ ഓള്‍ഔട്ടായത്. അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവും നാല് വിക്കറ്റെടുത്ത രവിചന്ദ്രൻ അശ്വിനും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. രവീന്ദ്ര ജഡേജയും ഇന്ത്യയ്‌ക്കായി ഒരു വിക്കറ്റ് നേടി.

79 റണ്‍സ് നേടിയ ഓപ്പണര്‍ സാക്ക് ക്രാവ്‌ലിയാണ് ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇംഗ്ലീഷ് പടയ്‌ക്ക് ഓപ്പണര്‍മാരായ സാക്ക് ക്രാവ്‌ലിയും ബെൻ ഡക്കറ്റും ചേര്‍ന്ന് തരക്കേടില്ലാത്ത തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 64 റണ്‍സ് ഇംഗ്ലീഷ് സ്കോര്‍ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തു.

18-ാം ഓവര്‍ എറിയാനെത്തിയ കുല്‍ദീപ് യാദവാണ് ബെൻ ഡക്കറ്റിനെ മടക്കി (27) കൂട്ടുകെട്ട് പൊളിച്ചത്. ആദ്യ ദിനം ലഞ്ചിന് പിരിയുന്നതിന് മുന്‍പ് ഇംഗ്ലീഷ് സ്കോര്‍ 100ല്‍ നില്‍ക്കെ മൂന്നാം നമ്പറില്‍ എത്തിയ ഒല്ലീ പോപ്പിനെയും കുല്‍ദീപ് പുറത്താക്കി. പിന്നീട്, കൃത്യമായ ഇടവേളകളില്‍ ഇന്ത്യ ഇംഗ്ലണ്ടിന്‍റെ വിക്കറ്റുകള്‍ പിഴുതുകൊണ്ടേയിരുന്നു.

ആദ്യ ദിനം ഉച്ചഭക്ഷണത്തിന് ശേഷം സാക്ക് ക്രാവ്‌ലിയെ ആണ് ഇംഗ്ലണ്ട് ആദ്യം നഷ്‌ടപ്പെട്ടത്. കുല്‍ദീപിന് മുന്നിലാണ് ക്രാവ്‌ലിയും വീണത്. പിന്നാലെ ജോണി ബെയര്‍സ്റ്റോയുടെ (29) വിക്കറ്റും കുല്‍ദീപ് യാദവ് സ്വന്തം പേരിലാക്കി. അടുത്ത ഓവറില്‍ ജോ റൂട്ടിനെ (26) രവീന്ദ്ര ജഡേജ പുറത്താക്കിയതോടെ ഇംഗ്ലണ്ട് 175-5 എന്ന നിലയിലേക്ക് വീണു.

പിന്നീട് എത്തിയവരില്‍ ബെൻ ഫോക്‌സും (25), ഷൊയ്‌ബ് ബഷീറും (11) മാത്രമാണ് രണ്ടക്കം കടന്നത്. ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സിനെ (0) പുറത്താക്കിയാണ് കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ടോം ഹാര്‍ട്‌ലി (6), മാര്‍ക്ക് വുഡ് (0), ബെൻ ഫോക്‌സ്, ജെയിംസ് ആന്‍ഡേഴ്‌സൺ എന്നിവരുടെ വിക്കറ്റ് നേടി രവിചന്ദ്രൻ അശ്വിൻ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്‍റെ പതനം പൂര്‍ത്തിയാക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്‌ക്ക് തകര്‍പ്പൻ തുടക്കമാണ് ക്യാപ്‌റ്റൻ രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ 20.4 ഓവറില്‍ ഇരുവരും ചേര്‍ന്ന് 104 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജയ്‌സ്വാളിന്‍റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യൻ സ്കോര്‍ അതിവേഗം ഉയര്‍ത്തിയത്.

3 സിക്‌സും അഞ്ച് ഫോറും അടങ്ങിയതായിരുന്നു ജയ്‌സ്വളിന്‍റെ ഇന്നിങ്‌സ്. ജയ്‌സ്വാള്‍ പുറത്തായതോടെ രോഹിതും ഗില്ലും ചേര്‍ന്ന് വിക്കറ്റ് നഷ്‌ടപ്പെടുത്താതെ ധര്‍മ്മശാലയില്‍ ആദ്യ ദിനത്തെ കളി അവസാനിപ്പിക്കുകയായിരുന്നു.

Also Read :'സമയമെടുത്ത് മതി, തിടുക്കപ്പെടേണ്ട കാര്യമില്ല' ; റിഷഭ് പന്തിന് മുന്നറിയിപ്പുമായി റോബിൻ ഉത്തപ്പ

ABOUT THE AUTHOR

...view details