വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട തുടക്കം. ആദ്യ ദിനത്തില്‍ ലഞ്ചിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 103 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍ (India vs England 2nd Test Score Updates). അര്‍ധ സെഞ്ചുറി പിന്നിട്ട യശസ്വി ജയ്‌സ്വാളും Yashasvi Jaiswal (51*) ശ്രേയസ് അയ്യരുമാണ് (4*) ക്രീസില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (14), ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്.
ഷൊയ്ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്ക് സ്‌കോര്‍ ബോര്‍ഡില്‍ 40 റണ്‍സ് നില്‍ക്കെ ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായിരുന്നു. രോഹിത് ശര്‍മയെ ഇംഗ്ലണ്ടിന്‍റെ അരങ്ങേറ്റക്കാരന്‍ ഷൊയ്ബ് ബഷീറാണ് വീഴ്‌ത്തിയത്.
ഒല്ലി പോപ്പിന്‍റെ കയ്യിലായിരുന്നു രോഹിത് അവസാനിച്ചത്. തുടര്‍ന്നെത്തിയ ഗില്‍ നന്നായി തന്നെ തുടങ്ങിയെങ്കിലും ആന്‍ഡേഴ്‌സണിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന്‍റെ കയ്യില്‍ ഒതുങ്ങി. അഞ്ച് ഫോറുകളാണ് ശുഭ്‌മാന്‍ ഗില്‍ നേടിയത്. തൊട്ടു പിന്നാലെയാണ് ജയ്‌സ്വാള്‍ അര്‍ധ സെഞ്ചുറിയിലേക്ക് എത്തിയത്. ഒരു സിക്‌സും ആറ് ബൗണ്ടറികളുമാണ് താരം ഇതേവരെ നേടിയത്.
ഹൈദരാബാദിലെ ആദ്യ ടെസ്റ്റിലെ പ്ലേയിങ് ഇലവനില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ വിശാഖപട്ടണത്ത് ഇറങ്ങിയത്. കെഎല്‍ രാഹുല്‍, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പകരം രജത് പടിദാര്‍, മുകേഷ് കുമാര്‍, കുല്‍ദ്വീപ് യാദവ് എന്നിവര്‍ ടീമിലെത്തി. ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ച് കൂട്ടുന്ന സര്‍ഫ്രാസ് ഖാന് ടീമില്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പരിഗണിച്ചില്ല.