വിശാഖപട്ടണം: യശസ്വി ജയ്‌സ്വാളിന്‍റെ (Yashasvi Jaiswal) അപരാജിത സെഞ്ചുറിക്കരുത്തില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനം സ്വന്തമാക്കി ഇന്ത്യ. വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തിന്‍റെ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 336 റണ്‍സ് എന്ന നിലയാണ് ആതിഥേയര്‍. യശസ്വി ജയ്‌സ്വാള്‍ (179*), ആര്‍ അശ്വിന്‍ എന്നിവരാണ് (5*) പുറത്താവാതെ നില്‍ക്കുന്നത്. (India vs England 2nd Test 1st Day Highlights)
രോഹിത് ശര്‍മ (14), ശുഭ്‌മാന്‍ ഗില്‍ (34), ശ്രേയസ് അയ്യര്‍ (27), രജത് പടിദാര്‍ (32), അക്‌സര്‍ പട്ടേല്‍ (27), ശ്രീകര്‍ ഭരത് (17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. ഇംഗ്ലണ്ടിനായി ഷൊയ്‌ബ് ബഷീര്‍, റെഹാന്‍ അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. ജയിംസ് ആന്‍ഡേഴ്‌സണ്‍, ടോം ഹാര്‍ട്ട്‌ലി എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. തുടര്‍ച്ചയായ ഇടവേളകളില്‍ ഇംഗ്ലീഷ് ബോളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയെങ്കിലും യശസ്വി ജയ്‌സ്വാളിന്‍റെ മികവാണ് ഇന്ത്യയെ മികച്ച നിലയിലേക്ക് എത്തിച്ചത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ആതിഥേയര്‍ക്ക് സ്‌കോര്‍ ബോര്‍ഡില്‍ 40 റണ്‍സ് നില്‍ക്കെയാണ് ആദ്യ വിക്കറ്റ് നഷ്‌ടമാവുന്നത്. രോഹിത് ശര്‍മയെ ഇംഗ്ലണ്ടിന്‍റെ അരങ്ങേറ്റക്കാരന്‍ സ്‌പിന്നര്‍ ഷൊയ്‌ബ് ബഷീറിന്‍റെ പന്തില്‍ ഒല്ലി പോപ്പ് പിടികൂടുകയായിരുന്നു. ശുഭ്‌മാന്‍ ഗില്‍ നന്നായി തന്നെ തുടങ്ങിയെങ്കിലും വെറ്ററന്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന്‍റെ കയ്യില്‍ ഒതുങ്ങി.
ശ്രേയസ് അയ്യര്‍ യശസ്വിയ്‌ക്കൊപ്പം കൂട്ടുകെട്ടിന് ശ്രമിച്ചുവെങ്കിലും ടോം ഹാർട്ട്‌ലിയുടെ പന്തില്‍ എഡ്‌ജായി ബെന്‍ ഫോക്‌സിന്‍റെ കയ്യില്‍ തന്നെ തീര്‍ന്നു. തന്‍റെ അവസാന 11 ടെസ്റ്റ് ഇന്നിങ്‌സില്‍ ഒരിക്കല്‍ പോലും അര്‍ധ സെഞ്ചുറി നേടാന്‍ ശ്രേയസിന് കഴിഞ്ഞിട്ടില്ല.