ഹൈദരാബാദ് :ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റുകൊണ്ട് തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചിരിക്കുകയാണ് ഇംഗ്ലണ്ട് വൈസ് ക്യാപ്‌റ്റന്‍ ഒലീ പോപ്പ്. ആദ്യ ഇന്നിങ്‌സില്‍ 190 റണ്‍സ് ലീഡ് വഴങ്ങിയ സന്ദര്‍ശകര്‍ക്ക് രണ്ടാം ഇന്നിങ്‌സില്‍ 230 റണ്‍സിന്‍റെ ലീഡ് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കാണ് പോപ്പ് വഹിച്ചത്. 278 പന്ത് നേരിട്ട താരം 21ബൗണ്ടറികളുടെ അകമ്പടിയില്‍ 196 റണ്‍സ് നേടിയായിരുന്നു പുറത്തായത്.
ഒലീ പോപ്പ് നടത്തിയ ഈ ഒറ്റയാള്‍ പ്രകടനമാണ് ആദ്യ ഇന്നിങ്‌സില്‍ 246 റണ്‍സില്‍ പുറത്തായ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സില്‍ 420 റണ്‍സ് കണ്ടെത്താന്‍ സഹായിച്ചത്. 47 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റാണ് സെക്കന്‍ഡ് ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്‍റെ രണ്ടാം ടോപ് സ്കോറര്‍.
ഇംഗ്ലീഷ് ഓപ്പണര്‍ സാക്ക് ക്രാവ്‌ലി പത്താം ഓവറില്‍ ജസ്‌പ്രീത് ബുംറയുടെ പന്തില്‍ പുറത്തായതിന് പിന്നാലെയാണ് ഒലീ പോപ്പ് മൂന്നാമനായി ക്രീസിലെത്തിയത്. ആദ്യ ഇന്നിങ്‌സില്‍ ഒരു റണ്‍ മാത്രം നേടി പുറത്തായ താരം രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളര്‍മാരെ കരുതലോടെയാണ് നേരിട്ടത്. ആദ്യം ഡക്കറ്റിന് പിന്തുണ നല്‍കി ഇംഗ്ലീഷ് സ്കോര്‍ ചലിപ്പിച്ചു.
രണ്ടാം വിക്കറ്റില്‍ ബെന്‍ ഡക്കറ്റ് ഒലീ പോപ്പ് സഖ്യം 68 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ബെന്‍ ഡക്കറ്റിനെയും ജോ റൂട്ടിനെയും വേഗത്തില്‍ നഷ്‌ടമായെങ്കിലും ഒലീ പോപ്പ് പതറാതെയാണ് ഇംഗ്ലീഷ് സ്കോര്‍ ചലിപ്പിച്ചത്. കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് നേടി കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ഘട്ടത്തില്‍ ഉത്തരവാദിത്തത്തോടെയായിരുന്നു ഒലീ പോപ്പിന്‍റെ ബാറ്റിങ്.