കേരളം

kerala

ETV Bharat / sports

ഇന്ത്യന്‍ ഗുസ്‌തിയില്‍ പുതുവസന്തം; ജ്യോതി ബെര്‍വാള്‍ സ്വര്‍ണകുമാരി - world wrestling championship

ഒരു സ്വര്‍ണ്ണമടക്കം ഏഴ് മെഡലുകള്‍ സ്വന്തമാക്കിയാണ് ഇന്ത്യന്‍ ടീം സ്പെയിനിലെ പോണ്ടെവേന്ദ്രയില്‍ നിന്ന് മടങ്ങിയത്.

JYOTI BERWAL INDIAN WRESTLER  UNDER20 WORLD WRESTLING CHAMPION  ഇന്ത്യന്‍ ഗുസ്‌തി ജ്യോതി ബെര്‍വാള്‍  ലോക ഗുസ്‌തി ചാമ്പ്യന്‍ഷിപ്പ്
Jyoti Berwal (ETV Bharat)

By ETV Bharat Sports Team

Published : Sep 10, 2024, 7:27 PM IST

ഹൈദരാബാദ്: പുരുഷ വിഭാഗത്തിലും വനിത വിഭാഗത്തിലും പത്തും ഫയല്‍വാന്‍മാര്‍ അടങ്ങിയ സംഘത്തേയാണ് അണ്ടര്‍ ട്വന്‍റി ലോക ഗുസ്‌തി ചാമ്പ്യന്‍ഷിപ്പിലേക്ക് ഇന്ത്യ അയച്ചത്. സംഘം മടങ്ങിയെത്തിയത് ഒരു സ്വര്‍ണമടക്കം ഏഴ് മെഡലുകള്‍ സ്വന്തമാക്കിക്കൊണ്ടായിരുന്നു. സ്പെയിനിലെ പോണ്ടെവേന്ദ്രയില്‍ ഗ്രീക്കോ റോമന്‍ വിഭാഗത്തിലും ഇന്ത്യന്‍ താരങ്ങള്‍ ഗോദയിലിറങ്ങിയിരുന്നു.

വനിതകളുടെ 76 കിലോ ഭാര വിഭാഗത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. പ്രിയ മാലിക് ഇതേയിനത്തില്‍ കഴിഞ്ഞ വര്‍ഷവും സ്വര്‍ണം നേടിയിരുന്നു. 4-0ന് മംഗോളിയന്‍ താരത്തെ മലര്‍ത്തിയടിച്ചാണ് ജ്യോതി ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇത്തവണ കുതിപ്പ് തുടങ്ങിയത്. അടുത്ത റൗണ്ടുകളില്‍ ചൈനീസ് ടര്‍ക്കി താരങ്ങളേയും കീഴടക്കി വീരോചിതമായി ഫൈനലിലെത്തി.

ഫൈനലില്‍ യുക്രെയ്‌നിന്‍റെ മറിയ ഒര്‍ലേവിച്ചിനെയാണ് ജ്യോതി പരാജയപ്പെടുത്തിയത്. 5-0ന് ആധികാരിക വിജയമാണ് സ്പെയിനില്‍ ജ്യോതി നേടിയത്. വനിതകളുടെ അണ്ടര്‍ 23, 72 കിലോ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം അല്‍ബേനിയയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു ജ്യോതി.

വനിതകളുടെ 62 കിലോ വിഭാഗത്തിലും ഇന്ത്യന്‍ താരം നിതിക വിരോചിത പോരാട്ടമാണ് നടത്തിയത്. ഫൈനല്‍ പോരാട്ടത്തിന് അര്‍ഹത നേടിയ നിതിക യുക്രെയ്‌നിന്‍റെ പരിചയ സമ്പന്നയായ ഇര്യാന ബോണ്ടറിനോട് പരാജയം വഴങ്ങുകയായിരുന്നു. ഫൈനലില്‍ തോറ്റെങ്കിലും നികിത ഇന്ത്യക്ക് വേണ്ടി വെള്ളി മെഡല്‍ സ്വന്തമാക്കി.

വനിതകളുടെ 68 കിലോ വിഭാഗത്തില്‍ സൃഷ്‌ടിയും 59 കിലോ വിഭാഗത്തില്‍ കോമളും 57 കിലോ വിഭാഗത്തില്‍ നേഹയും നേടിയ വെങ്കല മെഡലുകളും ഇന്ത്യയുടെ അഭിമാനമുയര്‍ത്തി. കഴിഞ്ഞ മാസം അണ്ടര്‍ 17 ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ നേഹ സ്പെയിനില്‍ അണ്ടര്‍ 20 വിഭാഗത്തില്‍ വെങ്കല മെഡലിലൊതുങ്ങി.

പുരുഷ ഫയല്‍വാന്‍മാരും നിരാശപ്പെടുത്തിയില്ല. 57 കിലോ വിഭാഗത്തില്‍ അങ്കുഷും 61 കിലോ വിഭാഗത്തില്‍ ഭുവനേഷും വെങ്കല മെഡലുകള്‍ സ്വന്തമാക്കി. ഒരു സ്വര്‍ണവും ഒരു വെള്ളിയുമടക്കം 7 മെഡലുകളാണ് ഇന്ത്യ ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ ഇത്തവണ നേടിയത്.

കഴിഞ്ഞ തവണ 4 സ്വര്‍ണവും 3 വെള്ളിയും 7 വെങ്കലവുമടക്കം ആകെ 14 മെഡലുകളായിരുന്നു ഇന്ത്യ നേടിയത്. ജോര്‍ദാനിലെ അമാനില്‍ നടന്ന കഴിഞ്ഞ തവണത്തെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഒരൊറ്റ താരം പോലും ഇത്തവണ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നില്ല. പുതു നിരയുമായി എത്തി 7 മെഡലുമായി മടങ്ങാനായത് ഗുസ്‌തിയില്‍ പുതുനിര സജമാണെന്നതിന്‍റെ സൂചനയാണെന്ന് ഇന്ത്യന്‍ കായിക ലോകം വിലയിരുത്തുന്നു.

Also Read:കുതിരയോട്ടത്തിൽ ചരിത്രമെഴുതി മലപ്പുറംകാരി നിദ; ലോക ചാമ്പ്യന്‍ഷിപ്പില്‍ വിജയകരമായി ഫിനിഷ്ചെയ്‌ത ആദ്യ ഇന്ത്യന്‍ താരം

ABOUT THE AUTHOR

...view details