കായിക ലോകം പാരിസ് മഹാനഗരത്തിലേക്ക് മാത്രം ചുരുങ്ങാൻ ഇനി ശേഷിക്കുന്നത് അഞ്ച് ദിവസങ്ങള്‍ മാത്രമാണ്. ഒരു നൂറ്റാണ്ടിന് ശേഷം വിരുന്നെത്തുന്ന ഒളിമ്പിക്‌സിനെ വരവേല്‍ക്കാൻ ഫ്രഞ്ച് നഗരവും ഒരുങ്ങി കഴിഞ്ഞു. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെയുള്ള ദിവസങ്ങള്‍ ലോകമെമ്പാടുമുള്ള ഓരോ കായിക താരത്തിനും സ്വപ്‌നസാഫല്യത്തിന്‍റെ ദിവസമായിരിക്കും.
35 വേദികളില്‍ 32 ഇനങ്ങളിലായി നടക്കുന്ന 329 ഇവന്‍റുകളില്‍ ലോകോത്തര താരങ്ങള്‍ മാറ്റുരയ്‌ക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് കായിക പ്രേമികളും. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യൻ ഗെയിംസില്‍ നൂറ് മെഡലുകള്‍ എന്ന സ്വപ്‌ന നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ സംഘവും വാനോളം പ്രതീക്ഷകളുമായാണ് പാരിസിലേക്ക് എത്തിയിരിക്കുന്നത്.
117 താരങ്ങള്‍ ഇക്കുറി ഒളിമ്പിക്‌സില്‍ ഇന്ത്യയ്‌ക്കായി മാറ്റുരയ്‌ക്കും. പരിയസമ്പന്നരും യുവതാരങ്ങളും അടങ്ങിയ താരനിരയാണ് ഇന്ത്യയ്‌ക്കായി മത്സരിക്കുക. പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരത്തെയും സംഘത്തിലെ പ്രായം കുറഞ്ഞ താരത്തെയും അറിയാം.
രോഹൻ ബൊപ്പണ്ണ:പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യൻ സംഘത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ. തന്‍റെ കരിയറിലെ മൂന്നാം ഒളിമ്പിക്‌സിനായാണ് ബൊപ്പണ്ണ പാരിസിലേക്ക് എത്തുന്നത്. 2012 ഒളിമ്പിക്‌സ് പുരുഷ ഡബിള്‍സ് ടെന്നീസില്‍ മഹേഷ് ഭൂപതിക്കൊപ്പമായിരുന്നു ബൊപ്പണ്ണ ആദ്യമായി കോര്‍ട്ടിലേക്ക് ഇറങ്ങിയത്. അന്ന് രണ്ടാം റൗണ്ട് വരെ ഈ ജോഡികള്‍ എത്തിയിരുന്നു.
2016ല്‍ ലിയാൻഡര്‍ പേസായിരുന്നു രോഹൻ ബൊപ്പണ്ണയുടെ സഹതാരം. പുരുഷ ഡബിള്‍സില്‍ അന്ന് ഇരുവര്‍ക്കും ആദ്യ റൗണ്ട് കടക്കാനായിരുന്നില്ല. എന്നാല്‍, മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സയ്‌ക്കൊപ്പം ഇറങ്ങിയ രോഹൻ ബൊപ്പണ്ണ വെങ്കല മെഡലിനായുള്ള പോരാട്ടത്തിലായിരുന്നു തോല്‍വി വഴങ്ങിയത്.
ടോക്യോ വേദിയായ കഴിഞ്ഞ ഒളിമ്പിക്‌സില്‍ രോഹൻ ബൊപ്പണ്ണയ്‌ക്ക് യോഗ്യത നേടാൻ സാധിച്ചിരുന്നില്ല. എന്നാല്‍, പാരിസിലേക്ക് എത്തുമ്പോള്‍ സ്ഥിതി മറ്റൊന്നാണ്. നിലവില്‍ തകര്‍പ്പൻ ഫോമിലാണ് ഇന്ത്യയുടെ 44 കാരനായ താരം. ലോക നാലാം നമ്പര്‍ താരമായ ബൊപ്പണ്ണ പാരിസില്‍ 62-ാം റാങ്കുകാരൻ എൻ ശ്രീറാം ബാലാജിയ്‌ക്കാപ്പമാണ് മത്സരിക്കാനിറങ്ങുക.
ധിനിധി ദേസിങ്കു: പാതിമലയാളിയായ 14കാരി ധിനിധി ദേസിങ്കുവാണ് പാരിസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ താരം. വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തല്‍ മത്സരത്തിലാണ് ധിനിധി പോരടിക്കാനിറങ്ങുന്നത്. ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടമാണ് ധിനിധി ദേസിങ്കുവിനെ പാരിസില്‍ കാത്തിരിക്കുന്നത്. 2022ലെ ഏഷ്യൻ ഗെയിംസിലും ഈ വര്‍ഷം ദോഹയില്‍ നടന്ന വേള്‍ഡ് അക്വാടിക്‌സ് ചാമ്പ്യൻഷിപ്പിലും പങ്കെടുത്തതിന്‍റെ അനുഭവ പരിചയവുമായാണ് ധിനിധി പാരിസിലേക്ക് എത്തുന്നത്.
കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജെസിത വിജയന്‍റെയും തമിഴ്‌നാട് സ്വദേശി ദേസിങ്കുവിന്‍റെയും മകളാണ് ധിനിധി. ഒന്‍പതാം ക്ലാസുകാരിയായ ധിനിധി ബെംഗളൂരുവിലെ മുഷിപ്പിക്കുന്ന ഫ്ലാറ്റ് ജീവിതത്തിന്‍റെ ബോറടിയില്‍ നിന്ന് രക്ഷപ്പെടാനാണ് നീന്തല്‍ക്കുളത്തിലിറങ്ങിയത്. അവിടെ നിന്നാണ് ധിനിധി ലോക കായിക മാമാങ്ക വേദിയിലേക്ക് എത്തുന്നത്.
Also Read :ഒമ്പതാംക്ലാസുകാരി ധിനിധി ഇന്ത്യന്‍ ഒളിമ്പിക്‌സ് ടീമിലെ 'ബേബി'