ഗ്വാളിയോർ: ഇന്ത്യ-ബംഗ്ലാദേശ് ടി20 മത്സരത്തിനെതിരേ ഹിന്ദുമഹാസഭ രംഗത്ത്. ഒക്ടോബര്‍ ആറിന് മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് മത്സരം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ബംഗ്ലാദേശിൽ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭമെന്ന് സംഘടന അറിയിച്ചു. ബംഗ്ലാദേശില്‍ ഹിന്ദുക്കളെ കൊലപ്പെടുത്തി, അവര്‍ പീഡിപ്പിക്കപ്പെടുകയാണെന്നും ക്ഷേത്രങ്ങൾ തകർത്തുവെന്നും ഹിന്ദു മഹാസഭയുടെ ദേശീയ വൈസ് പ്രസിഡന്‍റ് ഡോ. ജയ്വീർ ഭരദ്വാജ് ആരോപിച്ചു.
പ്രതിഷേധിക്കുക എന്നത് ഇന്ത്യയിലെ ഓരോ പൗരന്‍റേയും ജനാധിപത്യ അവകാശമാണെന്ന് ഭരദ്വാജ് പറഞ്ഞു. ഒക്‌ടോബർ ആറിന് ഗ്വാളിയോറിൽ നടക്കുന്ന ഇന്ത്യ ബംഗ്ലാദേശ് ടി-20 ക്രിക്കറ്റ് മത്സരത്തിൽ പ്രതിഷേധിച്ച് ഹിന്ദു മഹാസഭ ഒക്ടോബർ രണ്ടിന് കറുത്ത ദിനം ആചരിക്കും. ഹിന്ദു മഹാസഭയുടെ പ്രവർത്തകര്‍ സ്റ്റേഡിയത്തിൽ റാലിയും പ്രതിഷേധവുമായി എത്തിച്ചേരും. ഒക്‌ടോബർ മൂന്നിനാണ് ക്രിക്കറ്റ് ടീമുകള്‍ ഗ്വാളിയോറിലെത്തുന്നത്.