പെര്‍ത്ത്:ന്യൂസീലൻഡിനെതിരായ പരമ്പര തോല്‍വിയുടെ ക്ഷീണം തീർക്കാൻ ഓസ്ട്രേലിയയിൽ ഇറങ്ങിയ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച.ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 150 റൺസിന് ഓൾഔട്ടായി. ഓപ്പണർ യശസ്വി ജയ്സ്വാളും മലയാളി ദേവ്ദത്ത് പടിക്കലും റണ്ണൊന്നുമെടുക്കാതെ പുറത്തായത് ഇന്ത്യക്ക് തുടക്കം തന്നെ തിരിച്ചടിയായി. 23 പന്തുകൾ നേരിട്ട ദേവ്ദത്ത് ജോഷ് ഹെയ്‌സൽവുഡിന്‍റെ പന്തിൽ അലക്‌സ് ക്യാരിയുടെ ക്യാച്ചിലാണ് ക്രീസ് വിട്ടത്.
അരങ്ങേറ്റക്കാരന്‍ നിതീഷ് കുമാർ റെഡ്ഡിയാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 59 പന്തിൽ ആറു ഫോറുകളും ഒരു സിക്സും അടിച്ച താരം 41 റൺസാണെടുത്തത്. പുറമേ ഋഷഭ് പന്ത് 78 പന്തില്‍ 37 റണ്‍സും കെ.എൽ രാഹുൽ 26 റൺസുമാണെടുത്തത്. വിരാട് കോലി (അഞ്ച്), ധ്രുവ് ജുറെൽ (11), വാഷിങ്ടൻ സുന്ദർ (നാല്), ഹർഷിത് റാണ (ഏഴ്) എന്നിവര്‍ നിറംമങ്ങിയ പ്രകടനമാണ് ഒന്നാം ഇന്നിങ്സില്‍ കാഴ്‌ച വച്ചത്.
സ്‌കോര്‍ 47ല്‍ ഡിആര്‍എസ് എടുത്താണ് കെഎല്‍ രാഹുലിന്‍റെ വിക്കറ്റ് പോയത്. റീപ്ലേകളില്‍ പന്തും ബാറ്റും ചെറിയ എഡ്‌ജുണ്ടെന്ന് തേര്‍ഡ് അമ്പയര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അമ്പയറുടെ തീരുമാനത്തിലെ അതൃപ്തി ഗ്രൗണ്ടില്‍വച്ചു തന്നെ അറിയിച്ചാണ് രാഹുല്‍ മടങ്ങിയത്.
മിച്ചൽ സ്റ്റാർക്കിന്‍റെ പന്തിൽ മകസ്വീനി ക്യാച്ചെടുത്താണ് ജയ്സ്വാളിനെ പുറത്താക്കിയത്. ലഞ്ചിനു പിരിയുമ്പോള്‍ 25 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 51 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. ഓസീസിനായി ഹെയ്‌സൽവുഡ് നാലു വിക്കറ്റുകൾ വീഴ്ത്തിയപ്പോള്‍ മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്‌ത്തി.