കേരളം

kerala

'ആ പഞ്ചില്‍ മൂക്ക് തകര്‍ന്നെന്ന് ഭയപ്പെട്ടു'; പാരിസിലെ ഇടിക്കൂട്ടില്‍ ലിംഗവിവാദം - Boxing Controversy In Olympics 2024

By ETV Bharat Kerala Team

Published : Aug 2, 2024, 11:24 AM IST

ഒളിമ്പിക്‌സ് ബോക്‌സിങ്ങില്‍ ലിംഗവിവാദം. അള്‍ജീരിയൻ താരത്തിനെതിരായ മത്സരത്തില്‍ നിന്നും ഇറ്റാലിയൻ താരം പിന്മാറി.

PARIS OLYMPICS 2024  IMANE KHELIF  ANGELA CARINI  BOXING CONTROVERSY  OLYMPICS 2024
BOXING CONTROVERSY (AP)

പാരിസ്:ഒളിമ്പിക്‌സ് ബോക്‌സിങ്ങില്‍ ലിംഗനീതിയുടെ പേരില്‍ വിവാദം. വനിതകളുടെ വെല്‍റ്റർവെയിറ്റ് വിഭാഗത്തിന്റെ പ്രീ ക്വാർട്ടറില്‍ അള്‍ജീരിയൻ താരം ഇമാനെ ഖലീഫിനെതിരായ മത്സരത്തില്‍ നിന്നും ഇറ്റലിയുടെ ആഞ്ചെല കാരിനി പിന്മാറിയതോടെയാണ് വിവാദം ആളിപ്പടര്‍ന്നിരിക്കുന്നത്. മത്സരം തുടങ്ങി 46 സെക്കൻഡ് പിന്നിട്ടതിന് പിന്നാലെയായിരുന്നു ആഞ്ചെലെയുടെ പിന്മാറ്റം.

മത്സരത്തിനിടെ അല്‍ജീരിയൻ താരത്തില്‍ നിന്നും ഇറ്റാലിയൻ താരത്തിന് മൂക്കിന് ഇടിയേറ്റിരുന്നു. ഇതിന് ശേഷം റിങ്ങിന്‍റെ കോര്‍ണറിലേക്ക് എത്തി കൈ ഉയർത്തുകയായിരുന്നു കാരിനി. ഇമാനെ ഖലീഫിയെ വിജയിയായി പ്രഖ്യാപിച്ച ശേഷം ഏഞ്ചെല കാരിനി കരയുന്ന കാഴ്‌ചയ്‌ക്കും ലോകം സാക്ഷിയായി. തുടര്‍ന്ന് അള്‍ജീരിയൻ താരത്തിന് ഹസ്‌തദാനം നല്‍കാനും ആഞ്ചെല തയ്യാറായിരുന്നില്ല.

Angela Carini vs Imane Khelifi (AP)

ലിംഗ നിര്‍ണയ പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പില്‍ നിന്നും പുറത്താക്കപ്പെട്ട താരമായിരുന്നു ഇമാൻ ഖലീഫി. ലിംഗ പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടർന്ന് വനിത ലോക ചാമ്പ്യൻഷിപ്പില്‍ നിന്ന് പുറത്താക്കപ്പെട്ട താരമാണ് ഇമാനെ ഖലീഫി. പുരുഷന്മാരില്‍ ഉള്ള എക്‌സ്, വൈ ക്രോമോസോമുകള്‍ ഉള്ളതിനലായിരുന്നു ഇങ്ങനെ സംഭവിച്ചത്. ഐബിഎയുടെ പരിശോധന ഫലം അംഗീകരിക്കാതിരുന്ന രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയായിരുന്നു ഇമാനെ ഖലീഫിയ്‌ക്ക് ഒളിമ്പിക്‌സില്‍ പങ്കെടുക്കാൻ അനുമതി നല്‍കിയത്.

Imane Khelifi (AP)

അതേസമയം, കരിയറില്‍ ഇത്രയും ശക്തിയാര്‍ന്ന ഒരു പഞ്ചിനെ തനിക്ക് ഇതിന് മുന്‍പ് നേരിടേണ്ടി വന്നിട്ടില്ലെന്നാണ് നോർത്ത് പാരിസ് അരീനയില്‍ നടന്ന മത്സരത്തെ കുറിച്ച് ഏഞ്ചെല കാരിനി അഭിപ്രായപ്പെട്ടത്. അള്‍ജീരിയൻ താരത്തിന്‍റെ ഇടിയില്‍ മൂക്ക് തകര്‍ന്നുവെന്ന് ഭയപ്പെട്ടിരുന്നു. ആരോഗ്യം സംരക്ഷിക്കുന്നതിനായിട്ടായിരുന്നു മത്സരത്തില്‍ നിന്നുള്ള പിന്മാറ്റം എന്നുമാണ് കാരിനി മത്സരശേഷം അഭിപ്രായപ്പെട്ടത്.

'ഇമാനെയുടെ രണ്ടാമത്തെ പഞ്ചിന് ശേഷം കടുത്ത വേദനയാണ് അനുഭവപ്പെട്ടത്. കരിയറില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു വേദനയെ ഞാൻ അനുഭവിക്കുന്നത്. മത്സരത്തില്‍ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ വിജയം നേടുക എന്നത് മാത്രമായിരുന്നു എന്‍റെ ലക്ഷ്യം.

ഇവിടെ എനിക്കൊരു തോല്‍വി സംഭവിച്ചിട്ടില്ല. റിങ്ങിലേക്ക് എത്തുന്നത് എനിക്ക് ജയിച്ചതിന് തുല്യമാണ്. ഇക്കാര്യത്തില്‍ ന്യായവും അന്യായവും പറയാനുള്ള ആളല്ല ഞാൻ.

Angela Carini vs Imane Khelifi (AP)

ജയം നേടാൻ സാധിക്കുമെന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു. പക്ഷെ ആ പഞ്ച് എന്നെ നല്ലതുപോലെ വേദനിപ്പിച്ചു. അതുകൊണ്ടാണ് മത്സരം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നത്'- കാരിനി വ്യക്തമാക്കി.

അള്‍ജീരിയയുടെ ഇമാൻ ഖലീഫിയെ ഒളിമ്പിക്‌സില്‍ പങ്കെടുപ്പിക്കുന്നതില്‍ നേരത്തെ തന്നെ ഐഒസിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. നേരത്തെ, ലിംഗപരിശോധനയില്‍ പരാജയപ്പെട്ട തായ്‌വാന്‍റെ ലിൻ യു ടിങ്ങും ഒളിമ്പിക്‌സില്‍ മത്സരിക്കുന്നുണ്ട്. ഫെതർവെയിറ്റ് വിഭാഗത്തിലാണ് ലിന്നിന്‍റെ മത്സരം.

Also Read :ഡേയ് യാരെട നീങ്കെല്ലാം...! തൊപ്പിയും ജാക്കറ്റുമൊന്നുമില്ല; കൂളായി വന്ന് ഷൂട്ടിങ്ങില്‍ മെഡല്‍ നേടി 51കാരൻ

ABOUT THE AUTHOR

...view details