മുംബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ഇന്ത്യൻ ടീമിന്‍റെ ജഴ്‌സിയിൽ ആതിഥേയരായ പാകിസ്ഥാന്‍റെ പേരില്ലെന്ന തരത്തില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ചാമ്പ്യൻസ് ട്രോഫിയ്‌ക്കുള്ള ഇന്ത്യന്‍ ടീമിന്‍റേതെന്ന പേരില്‍ ആതിഥേയ രാജ്യത്തിന്‍റെ പേരില്ലാത്ത ജഴ്‌സിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിക്കുകയും ചെയ്‌തു. ഇതു ടൂര്‍ണമെന്‍റിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ജഴ്‌സി തന്നെയെന്ന് സ്ഥിരീകരണമൊന്നുമുണ്ടായിരുന്നില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പുറത്തെത്തിയ മറ്റൊരു റിപ്പോര്‍ട്ട് ചൂട് പിടിക്കുകയാണ്. സംഭവത്തില്‍ ബിസിസിഐയോട് ഐസിസി ചൊടിച്ചതായാണ് ഒരു സ്‌പോര്‍ട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ടൂർണമെന്‍റിന്‍റെ യഥാർഥ ആതിഥേയ രാജ്യമായതിനാൽ ഇന്ത്യയുടെ ജഴ്‌സിയില്‍ 'പാകിസ്ഥാൻ' എന്ന് എഴുതാൻ ബിസിസിഐ ബാധ്യസ്ഥരാണെന്ന് ഐസിസി അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
പാകിസ്ഥാന്‍റെ പേരുള്ള ചാമ്പ്യൻസ് ട്രോഫി ലോഗോ കളിക്കാരുടെ കിറ്റിൽ കാണപ്പെട്ടില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്നും ഐസിസി അറിയിച്ചുവെന്ന് പ്രസ്‌തു റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. മാനദണ്ഡപ്രകാരം, ഐസിസി ടൂര്‍ണമെന്‍റുകള്‍ എവിടെ നടന്നാലും ടൂര്‍ണമെന്‍റ് കിറ്റില്‍ ആതിഥേയരുടെ പേര് എഴുതിയിരിക്കണം.
അതേസമയം ടൂര്‍ണമെന്‍റിനായി ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കം ഏറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് രമ്യതയില്‍ എത്തിയത്. ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് യുഎഇ വേദിയാക്കിക്കൊണ്ടായിരുന്നുവിത്. എന്നിരുന്നാലും സമീപഭാവിയിൽ ഇന്ത്യ രണ്ട് ഐസിസി ടൂര്‍ണമെന്‍റുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട്. ഈ സമയം എന്ത് നിലപാടാവും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് എടുക്കുകയെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.
ALSO READ:സഞ്ജുവിനെ കളിപ്പിക്കില്ലെന്ന് നേരത്തെ അറിയാം, മകനോട് ചിലര്‍ക്ക് അനിഷ്‌ടം, കെസിഎക്കെതിരെ പിതാവ് - SAMSON VISHWANATH
ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റ് അരങ്ങേറുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യ പ്രാഥമിക ഘട്ടം കളിക്കുക. ബംഗ്ലാദേശ്, ന്യൂസിലാൻഡ്, പാകിസ്ഥാൻ എന്നിവരാണ് എതിരാളികള്‍. ഫെബ്രുവരി 20-ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യം മത്സരം. 23 -ന് ചിരവൈരികളായ പാകിസ്ഥാനുമായും മാർച്ച് 2- ന് ന്യൂസിലൻഡുമായും ഇന്ത്യ പോരടിക്കും.