കൊല്‍ക്കത്ത:ടി20 ക്രിക്കറ്റിലെ റണ്‍ ചേസില്‍ പുതിയ ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്സ്. ഐപിഎല്‍ പതിനേഴാം പതിപ്പില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 262 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യമാണ് പഞ്ചാബ് വിജയകരമായി മറികടന്നത്. ജോണി ബെയര്‍സ്റ്റോ, ശശാങ്ക് സിങ്, പ്രഭ്‌സിമ്രാൻ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ കരുത്തില്‍ എട്ട് പന്ത് ശേഷിക്കെയായിരുന്നു പഞ്ചാബ് കിങ്‌സ് ചരിത്ര ജയത്തിലേക്ക് നടന്ന് കയറിയത്.
ഇതോടെ, കഴിഞ്ഞ ഒരു വര്‍ഷത്തോളം കാലമായി ദക്ഷിണാഫ്രിക്ക കാത്ത് സൂക്ഷിച്ച റെക്കോഡും പഴങ്കഥയായി. 2023ല്‍ വെസ്റ്റ് ഇന്‍ഡീസിനെ സെഞ്ചൂറിയനില്‍ നേരിട്ട ദക്ഷിണാഫ്രിക്ക 259 എന്ന റണ്‍മലയാണ് കയറിയത്. ഇതായിരുന്നു ഏപ്രില്‍ 26 വരെയുള്ള ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയകരമായ റണ്‍ ചേസ്.
മിഡില്‍സെക്‌സ്, ബള്‍ഗേറിയ ടീമുകളാണ് പട്ടികയില്‍ ഉള്ള മറ്റ് ടീമുകള്‍. 2023ല്‍ ലണ്ടനില്‍ സറേയ്‌ക്കെതിരെ 254 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാൻ മിഡില്‍സെക്‌സിനായിരുന്നു. സെര്‍ബിയക്കെതിരെ 246 റണ്‍സ് പിന്തുടര്‍ന്നാണ് ബള്‍ഗേറിയ 2022ല്‍ ജയം സ്വന്തമാക്കിയത്.
റെക്കോഡ് പട്ടികയില്‍ ഈ മത്സരങ്ങളെയെല്ലാം പിന്നിലാക്കിയിരിക്കുകയാണ് ഇപ്പോള്‍ ഐപിഎല്ലില്‍ ഇന്നലെ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - പഞ്ചാബ് കിങ്സ് പോരാട്ടം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത തങ്ങളുടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറായ 261ലേക്ക് എത്തിയത് ആറ് വിക്കറ്റ് നഷ്‌ടത്തിലായിരുന്നു. ഫില്‍ സാള്‍ട്ട് (75), സുനില്‍ നരെയ്‌ൻ (71) എന്നിവരുടെ അര്‍ധസെഞ്ച്വറികളും ആന്ദ്രേ റസല്‍ (24), ശ്രേയസ് അയ്യര്‍ (28), വെങ്കടേഷ് അയ്യര്‍ എന്നിവരുടെ തകര്‍പ്പൻ ബാറ്റിങ്ങുമാണ് കൊല്‍ക്കത്തയ്‌ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.