ഹൈദരാബാദ്:ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ഫെബ്രുവരി 19 മുതൽ പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും. ടൂർണമെന്റിന്റെ ഒമ്പതാം പതിപ്പ് പാകിസ്ഥാനിലും ദുബായിലുമായി ഹൈബ്രിഡ് മോഡലിലാണ് നടക്കുക. ഫെബ്രുവരി 23ന് ദുബായിലാണ് ഇന്ത്യ-പാക്കിസ്ഥാന് പോരാട്ടം. 8 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 15 മത്സരങ്ങളാണുള്ളത്. ചാമ്പ്യൻസ് ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റൺസ് നേടിയ താരങ്ങളെ കുറിച്ചറിയാം.
1. ക്രിസ് ഗെയ്ൽ (വെസ്റ്റ് ഇൻഡീസ്)
ചാമ്പ്യൻസ് ട്രോഫിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് വെസ്റ്റ് ഇൻഡീസിന്റെ ഇതിഹാസ താരം ക്രിസ് ഗെയ്ലാണ്. 17 മത്സരങ്ങളിൽ നിന്ന് 52.73 ശരാശരിയിൽ 791 റൺസ് താരം നേടിയിട്ടുണ്ട്. ഉയർന്ന സ്കോർ പുറത്താകാതെ 133 ആണ്. ടൂർണമെന്റിൽ 3 സെഞ്ചുറികളും 1 അർധസെഞ്ചുറിയും ഗെയ്ൽ സ്വന്തമാക്കിയിട്ടുണ്ട്.
2. മഹേല ജയവർദ്ധനെ (ശ്രീലങ്ക)
ശ്രീലങ്കൻ ക്രിക്കറ്റ് ഐക്കൺ മഹേല ജയവർധന തന്റെ മികച്ച ബാറ്റിങ് ടെക്നിക്കിനും ക്ലാസിക് ശൈലിക്കും പേരുകേട്ട താരമാണ്. ചാമ്പ്യൻസ് ട്രോഫിയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺസ് ജയവർദ്ധനെയുടെ പേരിലാണ്. 22 മത്സരങ്ങളിൽ നിന്ന് 41.22 ശരാശരിയിൽ 5 അർധസെഞ്ചുറികളടക്കം 742 റൺസ് താരം നേടിയിട്ടുണ്ട്, പുറത്താകാതെ നിന്ന 84 ആണ് ഉയർന്ന സ്കോർ.
3. ശിഖർ ധവാൻ (ഇന്ത്യ)
ഗബ്ബർ' എന്ന് വിളിപ്പേരുള്ള മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ അസാധാരണമായ ബാറ്റിംഗ് സാങ്കേതികതയ്ക്കും ആക്രമണാത്മക ബാറ്റിംഗ് ശൈലിക്കും പേരുകേട്ട താരമാണ്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരവുമാണ്. 10 ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളിൽ നിന്ന് 77.88 എന്ന മികച്ച ശരാശരിയിൽ 701 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ഉയർന്ന സ്കോർ 125 റൺസാണ്. 2013ൽ ഇന്ത്യ കിരീടം നേടിയപ്പോൾ ശിഖർ ധവാൻ പ്ലെയർ ഓഫ് ദ ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടു.
4. കുമാർ സംഗക്കാര (ശ്രീലങ്ക)
മറ്റൊരു ശ്രീലങ്കൻ ഇതിഹാസമായ കുമാർ സംഗക്കാര അസാധാരണമായ ബാറ്റിങ് കഴിവുകൾക്ക് പ്രശസ്തനാണ്. ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന നാലാമത്തെ താരമാണ്. 22 ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളിൽ നിന്ന് 683 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്കോര്‍ 134 റൺസ്. 4 അർധസെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്.
5. സൗരവ് ഗാംഗുലി (ഇന്ത്യ)
ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ഇന്ത്യൻ താരമാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. അസാധാരണമായ ബാറ്റിങ്ങിനും നേതൃത്വപാടവത്തിനും പേരുകേട്ടയാളാണ് 'ദാദ'. 13 മത്സരങ്ങളിൽ നിന്ന് 665 റൺസ് താരം നേടിയിട്ടുണ്ട്. 141 റൺസാണ് ഗാംഗുലിയുടെ ഉയർന്ന വ്യക്തിഗത സ്കോർ.