ന്യൂയോർക്ക് : ഐപിഎല്‍ 17-ാം സീസണിന്‍റെ തുടക്കം മുതല്‍ക്ക് ഹാർദിക് പാണ്ഡ്യ വാർത്തകളിൽ നിറഞ്ഞിരുന്നു. രോഹിത് ശര്‍മയില്‍ നിന്നും മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തതില്‍ ആരാധകരില്‍ നിന്നും കനത്ത വിമര്‍ശനമായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. സീസണില്‍ ഹാര്‍ദിക്കിന് കീഴില്‍ മുംബൈ നടത്തിയതാവട്ടെ മോശം പ്രകടനവും.
പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണ് അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ലീഗ് ഘട്ടം പൂർത്തിയാക്കിയത്. ഐപിഎല്ലില്‍ ഹാർദിക്കിന്‍റെ പ്രകടനവും മോശമായിരുന്നു. പല ഘട്ടത്തിലും റൺസെടുക്കാൻ പാടുപെടുന്ന ഹാര്‍ദിക്കിനെയാണ് കാണികള്‍ കണ്ടത്.
എന്നാല്‍ ടി20 ലോകകപ്പിനായി ഇന്ത്യന്‍ കുപ്പായത്തിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഹാര്‍ദിക് പഴയ ഹാര്‍ദിക്കായി. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ മിന്നും പ്രകടനമായിരുന്നു താരം നടത്തിയത്. 23 പന്തിൽ 40 റൺസായിരുന്നു ഹാര്‍ദിക് അടിച്ചത്.
ഇതിന് പിന്നാലെ തനിക്ക് കടന്നുപോവേണ്ടി വന്ന വിഷമകരമായ സമയത്തെക്കുറിച്ച് മനസ് തുറന്ന് ഹാർദിക് പാണ്ഡ്യ. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിന് ശേഷം ഇതു സംബന്ധിച്ച ഹാര്‍ദിക്കിന്‍റെ വാക്കുകള്‍ ഇങ്ങനെ...
"എന്തും നേരിടാന്‍ നമ്മള്‍ തയ്യാറാവണമെന്നാണ് അവസാനം വരെ ഞാൻ വിശ്വസിക്കുന്നത്. ചിലപ്പോൾ ജീവിതം നമ്മളെ കഠിനമായ സാഹചര്യങ്ങളിൽ കൊണ്ടുചെന്നെത്തിക്കും. തോറ്റ് മടങ്ങിയാല്‍ ആഗ്രഹിക്കുന്നത് നിങ്ങൾക്ക് ലഭിക്കില്ല'- ഹാർദിക് പറഞ്ഞു.
'ഞാൻ എന്‍റെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഞാൻ മുമ്പ് പിന്തുടരുന്ന അതേ ദിനചര്യകൾ തന്നെ പിന്തുടരാന്‍ ശ്രമിച്ചു. അതേസമയം നല്ല സമയങ്ങളും ചീത്ത സമയങ്ങളും ഒരാള്‍ക്ക് ഉണ്ടാകും. ഇവ വന്നുപോകുന്ന ഘട്ടങ്ങളാണ്. അത് നല്ലതാണ്. ഞാൻ ഈ ഘട്ടങ്ങളിലൂടെ പലതവണ കടന്നുപോയി. അതിൽ നിന്നും ഞാൻ പുറത്തുവരികയും ചെയ്യും'- ഹാർദിക് കൂട്ടിച്ചേർത്തു.
പ്രയാസകരമായ സമയങ്ങളിൽ നിന്ന് താൻ ഒളിച്ചോടില്ലെന്നും അതിനെ അഭിമുഖീകരിക്കുമെന്നും ഹാർദിക് വ്യക്തമാക്കി. 'ഞാൻ എന്‍റെ വിജയങ്ങളില്‍ അമിതമായി അഭിരമിക്കില്ല. ഞാൻ നന്നായി ചെയ്‌തതെല്ലാം പെട്ടെന്ന് മറന്ന് മുന്നോട്ട് പോകും. പ്രയാസകരമായ സമയങ്ങളിലും അങ്ങനെ തന്നെ. ഞാൻ അതിൽ നിന്ന് ഒളിച്ചോടുന്നില്ല. ഞാൻ എല്ലാറ്റിനെയും മുഖമുയര്‍ത്തി നേരിടും.' താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം ജൂൺ 5 ന് ന്യൂയോർക്കിൽ അയർലൻഡിനെതിരെയാണ് ടി20 ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരം കളിക്കുന്നത്. ഹാർദികിന്‍റെ ഓള്‍റൗണ്ടിങ് മികവ് ഇന്ത്യയ്‌ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read :പന്ത് മതി, ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജുവിനെ വേണ്ടെന്ന് ആരാധകര്‍ - Fans On Rishabh Pant And Sanju