കേരളം

kerala

ETV Bharat / sports

'വിക്കറ്റുകള്‍ വീണപ്പോള്‍ കൂട്ടുകെട്ടുകളുണ്ടാക്കാനായില്ല'; കൊല്‍ക്കത്തയോടേറ്റ തോല്‍വിയുടെ കാരണം പറഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ - Hardik Pandya On MI Loss

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യൻസ് തോല്‍ക്കാനുണ്ടായ കാരണം പറഞ്ഞ് ക്യാപ്‌റ്റൻ ഹാര്‍ദിക് പാണ്ഡ്യ. മത്സരത്തിന് ശേഷമായിരുന്നു ഹാര്‍ദിക്കിന്‍റെ പ്രതികരണം.

ഹാര്‍ദിക് പാണ്ഡ്യ  മുംബൈ ഇന്ത്യൻസ്  IPL 2024  HARDIK PANDYA ON MI BATTERS
HARDIK PANDYA (IANS)

By ETV Bharat Kerala Team

Published : May 4, 2024, 7:22 AM IST

മുംബൈ :ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ തോല്‍വിയ്‌ക്ക് ബാറ്റര്‍മാരെ പഴിച്ച് മുംബൈ ഇന്ത്യൻസ് ക്യാപ്‌റ്റൻ ഹാര്‍ദിക് പാണ്ഡ്യ. നല്ല കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി തുടരെ വിക്കറ്റുകള്‍ നഷ്‌ടമാകുന്നത് തടയാൻ തങ്ങളുടെ ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ലെന്ന് മത്സരശേഷം പാണ്ഡ്യ അഭിപ്രായപ്പെട്ടു. വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്നലെ (മെയ് 3) നടന്ന മത്സരത്തില്‍ 24 റണ്‍സിനായിരുന്നു മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടത്.

മത്സരത്തില്‍ ടോസ് നേടി കൊല്‍ക്കത്തെ നൈറ്റ് റൈഡേഴ്‌സിനെ ആദ്യം ബാറ്റിങ്ങിനയച്ച മുംബൈയ്‌ക്ക് അവരെ 19.5 ഓവറില്‍ 169 റണ്‍സില്‍ പുറത്താക്കൻ സാധിച്ചു. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 18.5 ഓവറില്‍ 145 റണ്‍സില്‍ ഓള്‍ ഔട്ടാകുകയായിരുന്നു. അര്‍ധസെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവ് മാത്രമായിരുന്നു മുംബൈ നിരയില്‍ പിടിച്ചുനിന്നത്.

മത്സരത്തില്‍ കൊല്‍ക്കത്ത 24 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ടീമിന്‍റെ തോല്‍വിയെ കുറിച്ച് ഹാര്‍ദിക് പാണ്ഡ്യ സംസാരിച്ചത്. ഐപിഎല്‍ പതിനേഴാം പതിപ്പില്‍ മുംബൈയുടെ മോശം പ്രകടനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാൻ സമയമെടുക്കുമെന്നും ഹാര്‍ദിക് പറഞ്ഞു. മുംബൈ ഇന്ത്യൻസ് ക്യാപ്‌റ്റൻ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞതിങ്ങനെ...

'തുടരെ വിക്കറ്റുകള്‍ നഷ്‌ടമായിക്കൊണ്ടിരുന്ന സമയങ്ങളില്‍ ഞങ്ങള്‍ക്ക് മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാൻ സാധിച്ചില്ലെന്നത് വ്യക്തമായ കാര്യമാണ്. ടീമിന്‍റെ പ്രകടനങ്ങളെ കുറിച്ച് ഒരുപാട് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അവയ്‌ക്കെല്ലാം മറുപടി പറയാൻ സമയമെടുക്കും.

ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ല. ഇവിടെ ബൗളര്‍മാര്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. രണ്ടാം ഇന്നിങ്‌സ് ആയപ്പോഴേക്കും വിക്കറ്റ് കുറച്ച് മെച്ചപ്പെട്ടിരുന്നു. മഞ്ഞും ഉണ്ടായിരുന്നു. അത് മുതലെടുക്കാനും ഞങ്ങള്‍ക്ക് സാധിച്ചില്ല.

മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായിരിക്കും. പോരാട്ടം തുടരുക എന്നാണ് ഞാൻ എന്നോട് തന്നെ പറയുന്നത്. കഠിനമായ ദിവസങ്ങള്‍ വരും, അവിടെ പോരാടിയാല്‍ പിറകെ നല്ല ദിവസങ്ങളും വരും.'- ഹാര്‍ദിക് പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.

Also Read :തീ മിന്നലായി സ്റ്റാര്‍ക്ക്, കൊല്‍ക്കത്തയോട് തകര്‍ന്നടിഞ്ഞ് മുംബൈ ഇന്ത്യൻസ്; ദൈവത്തിന്‍റെ പോരാളികളുടെ പ്ലേ ഓഫ് പ്രതീക്ഷകളും അവസാനിച്ചു - MI Vs KKR Match Result

വാങ്കഡെ സ്റ്റേഡിയത്തില്‍ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഇന്ത്യൻസിന് മത്സരത്തിന്‍റെ ആദ്യ ആറ് ഓവറിനുള്ളില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. 5.5 ഓവറില്‍ സ്കോര്‍ 46ല്‍ നില്‍ക്കെ ഇഷാൻ കിഷൻ (13), നമാൻ ധിര്‍ (11), രോഹിത് ശര്‍മ (11) എന്നിവര്‍ കൂടാരം കയറി. സൂര്യകുമാര്‍ യാദവ് ഒരുവശത്ത് നിലയുറപ്പിച്ച് സ്കോര്‍ ഉയര്‍ത്തിയെങ്കിലും താരത്തിന് വേണ്ട പിന്തുണ നല്‍കാൻ മറ്റാര്‍ക്കും സാധിച്ചില്ല.

തിലക് വര്‍മ (4), നേഹല്‍ വധേര (6) ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യ (1) എന്നിവര്‍ വേഗം മടങ്ങിയത് മുംബൈയ്‌ക്ക് തിരിച്ചടിയായി. ഏഴാം വിക്കറ്റില്‍ സൂര്യകുമാര്‍-ടിം ഡേവിഡ് സഖ്യം കൂട്ടിച്ചേര്‍ത്ത 49 റണ്‍സ് പാര്‍ട്‌ണര്‍ഷിപ്പാണ് മുംബൈയുടെ തോല്‍വി ഭാരം കുറച്ചത്.

ABOUT THE AUTHOR

...view details