ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടും കരുണ്‍ നായറിനെ സെലക്ടർമാർ എന്തുകൊണ്ടാണ് ശ്രദ്ധിക്കാത്തതെന്ന് ഹർഭജൻ സിങ്. ബിസിസിഐക്കെതിരെ രോഷം പ്രകടിപ്പിച്ച താരം സെലക്ഷൻ കമ്മിറ്റിയുടെ രീതിയെ കുറ്റപ്പെടുത്തുകയും ചെയ്‌തു. തന്‍റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഹർഭജൻ.
ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ ട്രിപ്പിൾ സെഞ്ചറി (303) നേടിയിട്ടും കരുൺ ഇന്ത്യൻ ടീമിൽനിന്ന് പുറത്തായത് എങ്ങനെയാണെന്നു താരം ചോദ്യമുയർത്തി. ഇംഗ്ലണ്ടിനെതിരായ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് കരുണ്‍ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ നേടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ പതിയെ താരം കളത്തില്‍നിന്ന് പുറത്തായി. ഏകദേശം 8 വർഷമായി കരുണ്‍ നായര്‍ ഒരു അന്താരാഷ്ട്ര മത്സരത്തിലും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇപ്പോൾ രഞ്ജിയിൽ മികവ് പുലർത്തുകയാണ്. ഈ വർഷത്തെ ടൂർണമെന്‍റിൽ അഞ്ച് സെഞ്ച്വറികൾ നേടിയ കരുണ്‍, ടൂർണമെന്‍റിൽ മുഴുവൻ പുറത്താകാതെ 600ലധികം റൺസ് നേടി.
"ഞാൻ അവന്‍റെ കണക്കുകൾ കണ്ടു. 2024-25 ൽ കരുണ്‍ ആറ് ഇന്നിങ്‌സുകൾ കളിച്ചു. അതിൽ അഞ്ചിലും അവന്‍ പുറത്തായില്ല. 120 സ്‌ട്രൈക്ക് റേറ്റിൽ ആകെ 664 റൺസ് നേടി. എന്നിട്ടും അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ടാറ്റൂ അടിക്കാത്തതും ഫാൻസി വസ്ത്രം ധരിക്കാത്തതുമാണോ കരുൺ നായരുടെ കുറവെന്നും ഹർഭജൻ ചോദിച്ചു. ട്രിപ്പിൾ സെഞ്ചുറിക്ക് ശേഷം എങ്ങനെയാണ് അദ്ദേഹത്തെ പുറത്താക്കിയതെന്ന് എനിക്ക് ഒരിക്കലും മനസ്സിലായില്ല. കരുണിനെ പോലെയുള്ള കളിക്കാരെ കുറിച്ച് ആരും സംസാരിക്കാത്തത് എന്നെ വേദനിപ്പിക്കുന്നു.
ദേശീയ ടീമിൽ ഇടംലഭിക്കുന്നതിനുള്ള മാനദണ്ഡം എന്താണ്?. വെറും രണ്ടു കളികളിലെ പ്രകടനം നോക്കി ദേശീയ ടീമിൽ എത്തുന്നവരുണ്ട്. ഐപിഎല്ലിലൂടെയും ടീമിൽ അവസരം ലഭിക്കുന്നവരും കുറവല്ല. എന്നിട്ടും എന്തുകൊണ്ടാണ് കരുണിന് മാത്രം വേറെ നിയമമെന്ന് ഹര്‍ഭജന്‍ ചോദിച്ചു.