അഹമ്മദാബാദ് :ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരായ ത്രില്ലര്‍ പോരാട്ടത്തില്‍ അവസാന ഓവറില്‍ ജയം പിടിച്ച് പഞ്ചാബ് കിങ്സ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് ഒരു പന്തും മൂന്ന് വിക്കറ്റും ശേഷിക്കെയാണ് മറികടന്നത്. യുവതാരങ്ങളായ ശശാങ്ക് സിങ്, അഷുതോഷ് ശര്‍മ എന്നിവരുടെ തകര്‍പ്പൻ ബാറ്റിങ് പ്രകടനമാണ് പഞ്ചാബിന് സീസണിലെ രണ്ടാം ജയം സമ്മാനിച്ചത്.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 199 റണ്‍സ് നേടിയത്. പുറത്താകാതെ 48 പന്തില്‍ 89 റണ്‍സ് നേടിയ നായകൻ ശുഭ്‌മാൻ ഗില്ലിന്‍റെ പ്രകടനമാണ് ആതിഥേയര്‍ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. വൃദ്ധിമാൻ സാഹ (11), കെയ്‌ൻ വില്യംസണ്‍ (26), സായ് സുദര്‍ശൻ (33), വിജയ് ശങ്കര്‍ (8), രാഹുല്‍ തെവാട്ടിയ (23*) എന്നിങ്ങനെയാണ് മറ്റ് ഗുജറാത്ത് താരങ്ങളുടെ സ്കോര്‍. പഞ്ചാബ് കിങ്‌സിനായി കഗിസോ റബാഡ രണ്ടും ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സിന് രണ്ടാം ഓവറില്‍ തന്നെ നായകൻ ശിഖര്‍ ധവാനെ നഷ്‌ടമായി. രണ്ട് പന്തില്‍ ഒരു റണ്‍ നേടിയ ധവാനെ ഉമേഷ് യാദവ് ക്ലീൻ ബൗള്‍ഡാക്കി. പിന്നീട്, ജോണി ബെയര്‍സ്റ്റോയും പ്രഭ്‌സിമ്രാൻ സിങും ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്തി. പവര്‍പ്ലേയിലെ അവസാന ഓവറില്‍ ബെയര്‍സ്റ്റോയെ (22) നൂര്‍ അഹമ്മദ് പുറത്താക്കി.