അഹമ്മദാബാദ്:ഐപിഎല്‍ പതിനേഴാം പതിപ്പില്‍ നിന്ന് ഗുജറാത്ത് ടൈറ്റൻസും പ്ലേ ഓഫ് കാണാതെ പുറത്ത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ നിര്‍ണായക മത്സരം മഴ മുടക്കിയതോടെയാണ് ഗുജറാത്തിനും പുറത്തേക്കുള്ള വാതില്‍ തുറന്നത്. ഒരു പന്ത് പോലും എറിയാൻ സാധിക്കാതെ മത്സരം ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തില്‍ ഇരു ടീമും ഓരോ പോയിന്‍റ് പങ്കിട്ടെടുത്തു.
ഇതോടെ, ഗുജറാത്തിന് 13 മത്സരങ്ങളില്‍ 11 പോയിന്‍റായി. നിലവില്‍ എട്ടാം സ്ഥാനത്താണ് ഗുജറാത്ത്. അഹമ്മദാബാദില്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ജയം നേടിയിരുന്നെങ്കിലും പ്ലേ ഓഫിലേക്ക് എത്താൻ വിദൂര സാധ്യത മാത്രമായിരുന്നു ഗുജറാത്തിന് ഉണ്ടായിരുന്നത്.
നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 13 മത്സരങ്ങളില്‍ 19 പോയിന്‍റോടെ ഒന്നാം സ്ഥാനത്താണ് നിലവില്‍ അവര്‍. രാജസ്ഥാനെതിരായ അവസാന മത്സരം പരാജയപ്പെട്ടാലും പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ടിനുള്ളില്‍ തന്നെ ഫിനിഷ് ചെയ്യാം.
അതേസമയം, ഐപിഎല്ലില്‍ നിന്നും ഈ വര്‍ഷം പുറത്താകുന്ന മൂന്നാമത്തെ ടീമാണ് ഗുജറാത്ത് ടൈറ്റൻസ്. മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിങ്‌സ് ടീമുകളാണ് നേരത്തെ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായത്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളിലാണ് ഈ ടീമുകള്‍.
Also Read :പോയിന്‍റ് പട്ടികയില്‍ മൂന്നാമത്, അവസാന മത്സരം ജയിച്ചാല്‍ പ്ലേ ഓഫ് ? ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ സാധ്യതകള്‍ ഇങ്ങനെ - CSK Playoff Qualification Scenario