അഹമ്മദാബാദ്: മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റര്‍ പാർഥിവ് പട്ടേലിനെ ഐപിഎല്ലില്‍ അടുത്ത പതിപ്പിലേക്ക് ഗുജറാത്ത് ടൈറ്റൻസ് ബാറ്റിങ് കോച്ചായും അസിസ്റ്റന്‍റ് കോച്ചുമായി നിയമിച്ചു. 2022 ഡിസംബറിൽ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച പാർഥിവ് ടീമിന്‍റെ മുഖ്യപരിശീലകൻ ആശിഷ് നെഹ്‌റയുടെ സഹായിയായി ഗുജറാത്ത് ടൈറ്റൻസിന്‍റെ താരങ്ങള്‍ക്ക് ബാറ്റിങ് തന്ത്രങ്ങൾ പഠിപ്പിക്കും.
പുതിയ അസിസ്റ്റന്‍റും ബാറ്റിങ് കോച്ചുമായി പാർഥിവ് പട്ടേലിനെ നിയമിച്ചതായി പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. 17 വർഷത്തെ ക്രിക്കറ്റ് കരിയറിലെ പാർഥിവിന്‍റെ അറിവ് ടീമിന് ഉപകാരപ്പെടുമെന്ന് ഗുജറാത്ത് ടൈറ്റൻസ് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
ഗുജറാത്ത് ടൈറ്റൻസ് വരാനിരിക്കുന്ന ഐപിഎൽ സീസണിനായി തയ്യാറെടുക്കുമ്പോൾ ബാറ്റിങ് സാങ്കേതികതകളെയും തന്ത്രങ്ങളെയും കുറിച്ചുള്ള പാർഥിവിന്‍റെ ധാരണ കളിക്കാരുടെ കഴിവുകൾ വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും.