അഹമ്മദാബാദ്:ഐപിഎല്‍ പതിനേഴാം പതിപ്പില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാൻ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മുട്ടൻ പണി കൊടുത്ത് ഗുജറാത്ത് ടൈറ്റൻസ്. പ്ലേഓഫിന് അരികിലേക്ക് എത്താൻ ചെന്നൈയ്‌ക്ക് ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ 35 റണ്‍സിനാണ് അവരെ ടൈറ്റൻസ് പരാജയപ്പെടുത്തിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് 232 റണ്‍സ് നേടിയപ്പോള്‍ ഇത് പിന്തുടര്‍ന്ന സൂപ്പര്‍ കിങ്‌സിന്‍റെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 196 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു.
അതേസമയം, ജയത്തോടെ പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താൻ ഗുജറാത്ത് ടൈറ്റൻസിനുമായി. അവസാന സ്ഥാനത്തായിരുന്ന ഗുജറാത്ത് നിലവില്‍ പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ചെന്നൈയോട് തോല്‍വി വഴങ്ങിയിരുന്നെങ്കില്‍ മുംബൈ പഞ്ചാബ് ടീമുകള്‍ക്ക് ശേഷം ഐപിഎല്ലില്‍ നിന്നും പുറത്താകുന്ന മൂന്നാമത്തെ കൂട്ടരായി ശുഭ്‌മാൻ ഗില്ലും സഘവും മാറുമായിരുന്നു.
ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തിലാണ് 231 റണ്‍സ് നേടിയത്. ക്യാപ്റ്റൻ ശുഭ്‌മാൻ ഗില്‍, ഓപ്പണര്‍ സായ് സുദര്‍ശൻ എന്നിവരുടെ സെഞ്ച്വറികളായിരുന്നു അതിനിര്‍ണായക മത്സരത്തില്‍ ഗുജറാത്തിന് കരുത്തായത്. സായ് സുദര്‍ശൻ 51 പന്തില്‍ 103 റണ്‍സും ഗില്‍ 55 പന്തില്‍ 104 റണ്‍സും അടിച്ചാണ് പുറത്തായത്.
ഗുജറാത്ത് ഇന്നിങ്‌സിലെ ആദ്യ വിക്കറ്റില്‍ 210 റണ്‍സായിരുന്നു ഇരുവരും നേടിയത്. 18-ാം ഓവര്‍ പന്തെറിഞ്ഞ തുഷാര്‍ ദേശ്‌പാണ്ഡെയായിരുന്നു ഇരുവരുടെയും വിക്കറ്റ് സ്വന്തമാക്കിയത്. ഡേവിഡ് മില്ലര്‍ 11 പന്തില്‍ 16 റണ്‍സടിച്ചു. 3 പന്തില്‍ 2 റണ്‍സ് നേടിയ ഷാരൂഖ് ഖാൻ ഇന്നിങ്‌സിലെ അവസാന പന്തില്‍ റണ്‍ഔട്ടാകുകയായിരുന്നു.